മീൻ വറുത്തതിന് രുചി പോരെ; ഹോട്ടലുടമ ഷെഫിനെ വെട്ടിയെന്ന് പരാതി

 

മീൻ ഫ്രൈയ്ക്ക് ഉപ്പും രുചിയും കുറവാണെന്ന് ആരോപിച്ച് ഹോട്ടലുടമ ഷെഫിനെ കത്തി കൊണ്ട് വെട്ടിപ്പരുക്കേൽപ്പിച്ചതായി പരാതി. അങ്കമാലി കറുകുറ്റിയിലെ 'മീൻവിലാസം' ഹോട്ടലിലെ ഷെഫും കൊല്ലം സ്വദേശിയുമായ റിയാസിനാണ് ആക്രമണത്തിൽ പരുക്കേറ്റത്.

സംഭവത്തിൽ ഹോട്ടൽ ഉടമകളിൽ ഒരാളായ മലപ്പുറം സ്വദേശി മുഹമ്മദ് ഉവൈസിനെതിരെ അങ്കമാലി പൊലീസ് കേസെടുത്തു. അനധികൃതമായി തടഞ്ഞുവെച്ച് മർദിക്കുകയും മാരകായുധം ഉപയോഗിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തതിനാണ് കേസ്.

ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഹോട്ടലിലെത്തിയ മുഹമ്മദ് ഉവൈസ് . ഷെഫ് റിയാസ് തയ്യാറാക്കിയ മീൻ ഫ്രൈ കഴിച്ച ശേഷം രുചിയും ഉപ്പും കുറവാണെന്ന് പറഞ്ഞ് റിയാസിനെ വിളിച്ചുവരുത്തി.മീന്റെ ഗുണനിലവാരം കുറഞ്ഞത് ഫ്രീസർ കേടായതിനാലാണെന്നും, ഫ്രീസർ നന്നാക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഉടമകൾ നടപടി എടുത്തില്ലെന്നും റിയാസ് വിശദീകരിച്ചു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും മുഹമ്മദ് ഉവൈസ് റിയാസിനെ മർദിക്കുകയും ചെയ്‌തെന്നാണ് പരാതി.

തുടർന്ന് അടുക്കളയിലെ മേശയിലുണ്ടായിരുന്ന കത്തിയെടുത്ത് റിയാസിനെ വെട്ടുകയും തവികൊണ്ട് ആക്രമിക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു.ആക്രമണത്തിൽ റിയാസിന്റെ കൈക്ക് ആഴത്തിൽ മുറിവേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച റിയാസിനെ പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ചെയ്തു.സംഭവത്തിൽ അങ്കമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചുവരികയാണ്.