സാങ്കേതിക സർവകലാശാലാ ഇയർ ഔട്ട് സംവിധാനം നിർത്തലാക്കണം. എസ്എഫ്‌ഐ മാർച്ചിൽ സംഘർഷം; പോലീസ് ഉദ്യോഗസ്ഥന് പരിക്ക്,
Jun 23, 2026, 14:38 IST
സാങ്കേതിക സർവകലാശാലയിലെ ഇയർ ഔട്ട് സംവിധാനം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധം അക്രമാസക്തമായതോടെ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് സർവകലാശാലാ വളപ്പിലേക്ക് അതിക്രമിച്ചു കയറി. പ്രതിഷേധക്കാർ ബാരിക്കേഡ് ബലമായി തള്ളിനീക്കാൻ ശ്രമിച്ചപ്പോൾ എ.ആർ. ക്യാമ്പിലെ സി.പി.ഒ അച്ചുവിന്റെ വലതുകൈ വിരൽ ബാരിക്കേഡിനിടയിൽ കുടുങ്ങി അറ്റുപോയി. അദ്ദേഹത്തെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.ഈ മാസം 27-ന് വൈസ് ചാൻസലറുമായി കൂടിക്കാഴ്ച നടത്താമെന്ന ഉറപ്പിനെത്തുടർന്ന് എസ്എഫ്‌ഐ പ്രവർത്തകർ സമരം അവസാനിപ്പിച്ചു.