ടേം വ്യവസ്ഥ സ്വീകാര്യമല്ല; അഞ്ച് വർഷം വേണമെന്ന് മാണി സി. കാപ്പൻ

 

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ടേം വ്യവസ്ഥ സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി മാണി സി. കാപ്പൻ. അഞ്ചു വർഷം മന്ത്രിസ്ഥാനം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മാണി സി. കാപ്പൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ ടേം വ്യവസ്ഥ സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ പറഞ്ഞുവെന്നും അതു തനിക്കു സ്വീകാര്യമല്ലെന്ന് അറിയിച്ചുവെന്നും മാണി സി. കാപ്പൻ പറഞ്ഞു.

ഇന്ന് വീണ്ടും ചർച്ച നടക്കുമെന്നും ഇതുവരെ യാതൊരു ഫോർമുലയും മുന്നോട്ടുവച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് വർഷം മന്ത്രിസ്ഥാനം ലഭിക്കാത്ത പക്ഷം പിന്നീട് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിസ്ഥാനം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പാലായിൽ വന്ന് നൽകിയ വാഗ്ദാനവും മാണി സി. കാപ്പൻ ഓർമിപ്പിച്ചു. ''മാണി സി. കാപ്പൻ അങ്ങോട്ടു പോകുന്ന വണ്ടിയിലാവില്ല, കൊടിവച്ച കാറിലായിരിക്കും തിരിച്ചുവരിക'' എന്നാണ് സതീശൻ പറഞ്ഞതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ രമേശ് ചെന്നിത്തലയും പാലായ്ക്ക് വലിയ സമ്മാനം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നുവെന്നും ആ വാഗ്ദാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരസ്യചർച്ച നടത്തി മുന്നണിക്ക് പ്രശ്‌നമുണ്ടാക്കാൻ താൽപര്യമില്ലെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി. ഏകാംഗകക്ഷികളായ അനൂപ് ജേക്കബിനും മാണി സി. കാപ്പനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാനാണ് കോൺഗ്രസിന്റെ ആലോചന. ആദ്യ ടേം അനൂപ് ജേക്കബിന് ലഭിക്കാനാണ് സാധ്യത.