യാത്രക്കാരന്റെ മർദ്ദനമേറ്റ ടിടിഇയെ വിദഗ്ധ ചികിത്സക്കായി പാലക്കാട്ടേക്ക് മാറ്റി

 

 

യാത്രക്കാരന്റെ മർദ്ദനമേറ്റ ടിടിഇയെ വിദഗ്ധ ചികിത്സക്കായി പാലക്കാട്ടേക്ക് മാറ്റി. ഇന്നലെ രാത്രിയിലാണ് മാവേലി എക്സ്പ്രസിലെ ടിടിഇയായ രാജസ്ഥാൻ സ്വദേശി വിക്രം കുമാർ മീണയെ യാത്രക്കാരൻ മർദ്ദിച്ചത്. കോഴിക്കോടിനും തിരൂരിനുമിടയിൽ വെച്ചായിരുന്നു ആക്രമണം. ടിടിഇയെ മർദ്ദിച്ച സ്റ്റാൻലി ബോസിനെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു തിരുവനന്തപുരം സ്വദേശി സ്റ്റാൻലി ബോസ് ടിടിഇയെ മർദ്ദിച്ചത്. ആക്രമണത്തിൽ മൂക്കിന് സാരമായി പരുക്കേറ്റ ടിടിഇയെ ഷൊർണൂർ റെയിൽവേ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷമാണ് പാലക്കാട്ടേക്ക് മാറ്റിയത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മർദനമെന്ന് ടിടിഇ പറഞ്ഞിരുന്നു.