കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. മണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനോട് ചേർന്നുള്ള ചെങ്കുത്തായ കൊക്കയിൽ 1500 അടി താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് നാടിനെ നൊമ്പരത്തിലാഴ്ത്തിയ ഈ വാർത്ത പുറത്തുവരുന്നത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ് - രോഹിണി ദമ്പതികളുടെ മകളാണ് ശ്രീനന്ദ.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് കുടുംബത്തോടൊപ്പം മാണിക്കധാര വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ ശ്രീനന്ദയെ കാണാതായത്. വെറും നാല് മിനിറ്റിനുള്ളിലാണ് മാതാപിതാക്കളുടെ അരികിൽ നിന്ന് കുട്ടി അപ്രത്യക്ഷമായത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയത്തിലായിരുന്നു മാതാപിതാക്കൾ. കർണാടക പൊലീസും അഗ്നിശമന സേനയും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടർന്ന് തമിഴ്നാട്ടിൽ നിന്നുള്ള പ്രൊഫഷണൽ ക്ലൈംബിംഗ് സംഘത്തിന്റെ സഹായത്തോടെ വെള്ളിയാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.
ചെങ്കുത്തായ മലയിടുക്കായതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും നേരത്തെ പരാജയപ്പെട്ടിരുന്നു. വ്യാഴാഴ്ച 300 അടി താഴ്ചയിൽ തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.