ജല നിരപ്പുയർന്നു; ഷോളയാർ ഡാമിലെ ഒരു ഷട്ടർ തുറന്നു, ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് മുന്നറിയിപ്പ്

 

 

ജല നിരപ്പുയർന്നതോടെ ഷോളയാർ ഡാമിലെ ഒരു ഷട്ടർ തുറന്നു. കേരള ഷോളയാർ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിലാണ് പതിനൊന്ന് മണിയോടെ ഡാം തുറന്നു ഘട്ടം ഘട്ടമായി 50 ക്യുമെക്സ് ജലം പെരിങ്ങൽക്കുത്ത് റിസർവോയറിലേക്ക് ഒഴുക്കിതുടങ്ങി. ഡാമിന്റെ ഒരു ഷട്ടർ  0.5 അടി തുറന്നാണ് വെള്ളമൊഴുക്കുന്നത്. ഈ ജലം ഏകദേശം മൂന്ന് മണിക്കൂർ കൊണ്ട് പെരിങ്ങൽക്കുത്ത് റീസർവോയറിൽ എത്തിച്ചേരും. 

താത്ക്കാലികമായി പെരിങ്ങൽക്കുത്ത് റിയർവോയറിൽ വെള്ളം സംഭരിക്കാൻ ശേഷിയുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും പെരിങ്ങൽക്കുത്ത് റിസർവോയറിൽ ജലനിരപ്പ് ഉയരുന്നുണ്ട്. അതിനാൽ  ഘട്ടംഘട്ടമായി പരമാവധി 300 ക്യുമെക്സ് അധികജലം തുറന്നു വിടേണ്ട സാഹചര്യമാണ്. ചാലക്കുടി പുഴയിൽ പരമാവധി 1.50 മീറ്റർ  ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും പുഴയുടെ തീരത്തുള്ളവർ ജാഗ്രത  പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ  അറിയിച്ചു.