നരഭോജി കടുവയുടെ മുഖത്തേറ്റ മുറിവ് ആഴമേറിയത്; ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും

 

വാകേരിയിൽ നിന്ന് പിടിയിലായ നരഭോജി കടുവയുടെ മുഖത്തേറ്റ മുറിവ് ആഴമേറിയത്. എട്ട് സെൻറീമീറ്ററോളം ആഴത്തിലുള്ളതാണ് മുറിവെന്നാണ് വിലയിരുത്തൽ. കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ചികിത്സയ്ക്കുവേണ്ടി കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ് വാർഡൻ നൽകിയിട്ടുണ്ട്. നരഭോജിക്കടുവയെ ചികിത്സിക്കാനായി വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

നാളെ ഉച്ചയ്ക്ക് വെറ്റിനറി സർവകലാശാലയിൽ നിന്നുള്ള ശസ്ത്രക്രിയ വിഭാഗത്തിൻറെ നേതൃത്വത്തിലായിരിക്കും ചികിത്സ ലഭ്യമാക്കുക. മണ്ണുത്തി വെറ്റിനറി കോളേജിൽ നിന്നുള്ള ആറംഗ സംഘം ഉടനെ പുത്തൂരിൽ എത്തും. വെറ്റിനറി കോളേജിലെ സർജറി ഹെഡ് ശ്യാം കെ വേണുവിന്റെ നേതൃത്വത്തിലാണ് ചികിത്സ നടക്കുക. ഉൾവനത്തിൽ കടുവകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോഴാണ് കടുവയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചത്. നരഭോജി കടുവയുടെ മുഖത്തും കയ്യിലും മുറിവേറ്റിരിക്കുന്നത്. പരുക്കിനെ തുടർന്ന് കടുവയ്ക്ക് ശാരീരിക അവശതയും കടുത്ത വേദനയുമുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.