ബത്തേരി സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം: സി.സി.പി.ഒ സബിത്തിനെ സസ്പെൻഡ് ചെയ്തു

 

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉൽപ്പന്നങ്ങൾ മോഷ്ടിച്ച സംഭവത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ സബിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബത്തേരി ഡിവൈ.എസ്.പി എം.എം. അബ്ദുൾകരീമിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയാണ് നടപടിയെടുത്തത്. കേസിൽ പ്രതിയായ സബിത്ത് നിലവിൽ ഒളിവിലാണ്.

ബീനാച്ചിയിൽ നിന്ന് പോലീസ് പിടികൂടുകയും കോടതി ഉത്തരവുപ്രകാരം ജൂൺ 26 മുതൽ സ്റ്റേഷൻ വളപ്പിലെ മുറിയിൽ സൂക്ഷിക്കുകയും ചെയ്തിരുന്ന 12,000 പാക്കറ്റ് ഹാൻസും 1,800 പാക്കറ്റ് കൂൾലിപ്പുമടങ്ങുന്ന ഏഴ് ചാക്കുകളാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച മുറി വൃത്തിയാക്കാൻ തുറന്നപ്പോഴാണ് മോഷണം പുറത്തറിഞ്ഞത്.

തുടർന്ന് നടത്തിയ സി.സി.ടി.വി ദൃശ്യ പരിശോധനയിലാണ് രാത്രിയുടെ മറവിൽ പോലീസുകാരൻ തന്നെയാണ് തൊണ്ടിമുതൽ കടത്തിയതെന്ന് വ്യക്തമായത്. സംഭവത്തിൽ ഇയാൾക്ക് മറ്റ് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഡിവൈ.എസ്.പി അറിയിച്ചു.