മുഖ്യമന്ത്രി പദത്തിൽ വിട്ടുവീഴ്ചയില്ല; പരിഗണിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്കുമില്ലെന്ന് വി ഡി സതീശൻ

 

മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ കോൺഗ്രസിൽ ശക്തമാകുമ്പോൾ നിലപാട് കൂടുതൽ കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . മുഖ്യമന്ത്രി സ്ഥാനം പരിഗണിച്ചില്ലെങ്കിൽ ക്യാബിനറ്റിലേക്കില്ലെന്നാണ് വി ഡി സതീശന്റെ നിലപാട്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നിയുക്ത എംഎൽഎമാരുടെ നിർണായക യോഗം നടക്കുന്നതിനിടെയാണ് വി ഡി സതീശന്റെ തുറന്ന നിലപാട് പുറത്തുവരുന്നത്. എംഎൽഎമാരുടെ അഭിപ്രായം മാത്രം പോരെന്നും പൊതുവികാരവും പ്രവർത്തകരുടെ മനോഭാവവും നേതൃത്വം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടുതൽ എംഎൽഎമാരുടെ പിന്തുണ കെ സി വേണുഗോപാലിനാണെന്ന സൂചന വരുന്നതിനിടെയാണ് വി ഡി സതീശൻ നിലപാട് കടുപ്പിച്ചിരിക്കുന്നത്. സീനിയോരിറ്റിയും എംഎൽഎമാരുടെ പിന്തുണയും അൽപ്പം കുറഞ്ഞെന്ന് വന്നാലും സാധാരണ പ്രവർത്തകരുടേയും പൊതുജനങ്ങളുടേയും ഉൾപ്പെടെ പിന്തുണ വി ഡി സതീശനുണ്ടെന്നാണ് വി ഡി പക്ഷത്തിന്റെ അവകാശവാദം. ഈ വലിയ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശിൽപ്പി വി ഡി സതീശനാണെന്നും പ്രതിപക്ഷ നേതാവെന്ന നിലയിലെ പ്രകടനം മികച്ചതാണെന്നും വി ഡി പക്ഷം അവകാശവാദം ഉന്നയിക്കുന്നുണ്ട്.

കെ സുധാകരൻ എം പി, ബെന്നി ബഹന്നാൻ എംഎൽഎ, കൊടിക്കുന്നിൽ സുരേഷ്, എം കെ രാഘവൻ തുടങ്ങിയ നേതാക്കളുടെ പിന്തുണ കെ സി വേണുഗോപാലിനാണ്. എന്നാൽ ഹൈബി ഈഡൻ ഉൾപ്പെടെയുള്ള എംഎൽഎമാരുടെ പിന്തുണ വി ഡി സതീശനാണ്. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകക്ഷികളുടെ പിന്തുണയും വി ഡി സതീശനുണ്ട്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ, ഹൈക്കമാൻഡ് നിയോഗിച്ച എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് യോഗം.യോഗത്തിന് ശേഷം എഐസിസി നിരീക്ഷകർ ഇന്ന് ഡൽഹിയിലേക്ക് മടങ്ങും. എംഎൽഎമാരുടെയും നേതാക്കളുടെയും അഭിപ്രായങ്ങൾ കേട്ടശേഷം ഹൈക്കമാൻഡ് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണു സൂചന.