അന്ധവിശ്വാസങ്ങൾക്ക് സ്ഥാനമില്ല; 13-ാം നമ്പർ കാർ ചോദിച്ചുവാങ്ങി കെ.എം. ഷാജി, 9-ാം നമ്പർ ചെന്നിത്തലയ്ക്ക്

 

മന്ത്രിമാർ പൊതുവെ ഔദ്യോഗിക വാഹനമായി ഏറ്റെടുക്കാൻ മടി കാണിച്ചിരുന്ന 13-ാം നമ്പർ കാർ ചോദിച്ചുവാങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. ഷാജിക്ക് താത്കാലികമായി നേരത്തെ നൽകിയിരുന്ന 9-ാം നമ്പർ കാർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അനുവദിക്കുകയും ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രി കെ.എം. ഷാജി തിരുവനന്തപുരത്ത് എത്തിയിരുന്നത് ഒമ്പതാം നമ്പർ കാറിലായിരുന്നു. എന്നാൽ 'ഒമ്പതാം നമ്പർ നമുക്ക് വേണ്ടെ'ന്ന് ചില പ്രവർത്തകർ പറയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനിടയിൽ ഒമ്പതാം നമ്പർ കാർ രമേശ് ചെന്നിത്തല ആവശ്യപ്പെടുകയും ചെയ്തതോടെയാണ് കെ.എം. ഷാജി 13-ാം നമ്പർ കാർ ഔദ്യോഗിക വാഹനമായി ചോദിച്ചു വാങ്ങിയത്.

അശുഭകരമായ നമ്പറെന്ന അന്ധവിശ്വാസം നിലനിൽക്കുന്നതിനാൽ സാധാരണയായി 13-ാം നമ്പർ കാറുകൾ മന്ത്രിമാർ ഒഴിവാക്കാറാണ് പതിവ്. കഴിഞ്ഞ തിങ്കളാഴ്ച പുതിയ മന്ത്രിസഭ അധികാരമേറ്റ് മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾക്കെല്ലാം നമ്പർ അനുവദിച്ചപ്പോഴും 13-ാം നമ്പർ കാർ ആരും ആവശ്യപ്പെട്ടിരുന്നില്ല. ഇതിനുമുൻപും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോഴെല്ലാം പതിമൂന്നാം നമ്പർ കാർ പൂർണ്ണമായും ഒഴിവാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൃഷിമന്ത്രിയായിരുന്ന പി. പ്രസാദും, ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ് ഐസക്കും 13-ാം നമ്പർ കാറാണ് ഔദ്യോഗിക വാഹനമായി ഉപയോഗിച്ചിരുന്നത്.

2011-ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പതിമൂന്നാം നമ്പർ കാർ ആർക്കും അനുവദിച്ചിരുന്നില്ല. അതിന് മുൻപ് 2006-ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ. ബേബിയായിരുന്നു അന്ധവിശ്വാസങ്ങളെ തള്ളി ഈ നമ്പർ കാർ ആദ്യമായി ഏറ്റെടുത്തത്. ആ മാതൃക പിന്തുടർന്നാണ് ഇപ്പോൾ മന്ത്രി കെ.എം. ഷാജിയും പതിമൂന്നാം നമ്പർ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.