കാര്യവട്ടം ക്യമ്പസിൽ ഇടിമുറി മർദ്ദനം നടന്നിട്ടില്ല; ആരോപണം തള്ളി സര്‍വകലാശാല സമിതിയുടെ റിപ്പോർട്ട്, റിപ്പോർട്ടിനെതിരെ കെ.എസ്.യു രം​ഗത്ത് 

 

 

കാര്യവട്ടം ക്യമ്പസിലെ ഇടിമുറി മര്‍ദ്ദനത്തിൽ കെഎസ്‌യുവിൻ്റെ ആരോപണം തള്ളി സര്‍വകലാശാല സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്. വിസിയുടെ നിര്‍ദ്ദേശ പ്രകാരം രജിസ്ട്രാര്‍ നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ടിൽ ഇടിമുറി മര്‍ദ്ദനമെന്ന ആരോപണം തെറ്റാണെന്ന് പറയുന്നു. മര്‍ദ്ദനത്തിന് ഇരയായ കെഎസ്‌യു നേതാവ് സാൻജോസിനെ മുറിയിൽ കൊണ്ടുപോയി മര്‍ദ്ദിച്ചിട്ടില്ലെന്നാണ് അന്വേഷണ സമിതി റിപ്പോര്‍ട്ടിൽ പറയുന്നത്.

കാര്യവട്ടം ക്യാമ്പസിലെ മെൻസ് ഹോസ്റ്റലിലെ 121ാം നമ്പര്‍ മുറി ഒരു റിസര്‍ച്ച് സ്കോളര്‍ക്ക് അനുവദിച്ചതാണ്. ഈ വിദ്യാര്‍ത്ഥി സ്ഥലത്തുണ്ടായിരുന്നില്ല. സംഭവം നടന്നതിൻ്റെ തലേദിവസം ഈ റിസര്‍ച്ച് സ്കോളര്‍ ഇവിടെ നിന്ന് പോയിരുന്നു. സംഘര്‍ഷം നടന്ന ദിവസം മുറി അടഞ്ഞുകിടക്കുകയായിരുന്നു. ക്യാമ്പസിൽ കെഎസ്‌യുവിൻ്റെയും എസ്എഫ്ഐയുടെയും വിദ്യാര്‍ത്ഥികൾ തമ്മിൽ സംഘര്‍ഷം ഉണ്ടായിരുന്നു. ക്യാമ്പസിലെ വിദ്യാര്‍ത്ഥിയല്ലാത്ത ജോഫിൻ എന്നയാൾ ക്യാമ്പസിൽ പ്രവേശിച്ചതിനെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.

അന്വേഷണ സമിതി റിപ്പോർട്ട് തള്ളി കെ.എസ്.യു രംഗത്ത് വന്നു. എസ്.എഫ്.ഐയെ എക്കാലത്തും സംരക്ഷിക്കുന്ന സമിതി അംഗങ്ങളിൽ നിന്നും ഇത്തരത്തിൽ ഒരു റിപ്പോർട്ട് വന്നില്ലെങ്കിലേ അത്ഭുതം ഉള്ളൂവെന്നും അന്വേഷണ സമിതി അംഗങ്ങളുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും കെ.എസ്.യു പറയുന്നു.