വിട്ടുവീഴ്ചയ്ക്കില്ല ; സമരം തുടരുമെന്ന് വളർമതി, വീണ്ടും സമരപ്പന്തലിലെത്തി നിരാഹാരം ആരംഭിച്ചു

 

പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് എൽ.പി.എസ്.ടി റാങ്ക് ഹോൾഡറും സമരനേതാവുമായ വളർമതി. ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയ വളർമതി ഇന്ന് വീണ്ടും സമരപ്പന്തലിലെത്തി നിരാഹാരസമരം പുനരാരംഭിച്ചു. അടിച്ചമർത്താൻ ശ്രമിച്ചാലും സമരം തുടരുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അവർ വ്യക്തമാക്കി.

എയ്ഡഡ് മേഖലയ്ക്ക് മാത്രമാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാത്തതിന് പിന്നിൽ സാമ്പത്തിക താൽപര്യങ്ങളുണ്ടെന്നും വളർമതി ആരോപിച്ചു. ഡിവിഷൻ കുറഞ്ഞ സ്‌കൂളുകളിൽ മാത്രം അധ്യാപക-വിദ്യാർഥി അനുപാതം കുറച്ചാൽ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകില്ലെന്നാണ് അവരുടെ വാദം. ഡിവിഷനുകൾ കുറയാത്ത സാഹചര്യത്തിൽ എത്ര നിയമനങ്ങൾ വേണ്ടിവരുമോ അത്രയും മാത്രമേ ഇവിടെയും ആവശ്യമായി വരൂ. ഇക്കാര്യം മനസ്സിലാക്കാത്തതല്ല, മറിച്ച് സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവർ ആരോപിച്ചു.

കാലാനുസൃതമായി എല്ലാ സ്‌കൂളുകളിലും അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ഇതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും വളർമതി പറഞ്ഞു. ഖജനാവിലെ പണം ധൂർത്തടിക്കുന്ന നിരവധി മേഖലകളുണ്ടെന്നും അത്തരം ചെലവുകൾക്ക് തടസ്സമില്ലാത്ത സർക്കാർ അധ്യാപക നിയമനങ്ങളുടെ കാര്യത്തിൽ മാത്രം സാമ്പത്തിക പ്രതിസന്ധി പറയുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, 18 ദിവസമായി നിരാഹാരസമരം നടത്തുന്ന തന്നെ സമരപ്പന്തലിൽനിന്ന് പോലീസ് വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്ന് വളർമതി ആരോപിച്ചു. ആരോഗ്യസ്ഥിതി പരിഗണിക്കാതെയാണ് പോലീസ് ഇടപെട്ടതെന്നും ആശുപത്രിയിൽ ചികിത്സയോട് സഹകരിക്കാൻ തയ്യാറാകാതിരുന്നതായും അവർ പറഞ്ഞു. സമരപ്പന്തൽ പൊളിക്കുകയും സമരം അവസാനിപ്പിക്കുകയുമായിരുന്നു പോലീസ് നടപടിയുടെ ലക്ഷ്യമെന്നും ആരോപിച്ചു.

അനാവശ്യമായ സമരമല്ല തങ്ങൾ നടത്തുന്നതെന്നും കേസെടുത്താലും വിട്ടുവീഴ്ചയില്ലെന്നും വളർമതി വ്യക്തമാക്കി. കോഴ നൽകി ജോലി നേടുന്നവർക്ക് മാത്രം നിയമനാവസരം ലഭിക്കുന്ന സാഹചര്യമല്ല ഉണ്ടാകേണ്ടതെന്നും സാധാരണക്കാരായ ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സമരത്തിന് പരിഹാരമുണ്ടാകുന്നതുവരെ നിരാഹാരസമരം ശക്തമായി തുടരുമെന്ന നിലപാടിലാണ് റാങ്ക് ഹോൾഡർമാർ.