കല്ലും ഷൂസുമായി ഇനി ഇറങ്ങിയാൽ ജനകീയ പ്രതിഷേധം ഉണ്ടാകും'; കോണ്‍ഗ്രസിനോട് സിപിഐഎം

 

നവകേരള സദസ്സിന് നേരെയുളള പ്രതിപക്ഷപ്രതിഷേധങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനത്തിനു നേരെ ഷൂസും കരിങ്കല്ലും എറിയുന്ന തലത്തില്‍ വരെ കോണ്‍ഗ്രസുകാരുടെ അക്രമം എത്തിയിരിക്കുകയാണ്. അതിന്റെ പ്രത്യാഘാതം എന്തെന്ന് തിരിച്ചറിഞ്ഞാണോ ഇതിനൊക്കെ പുറപ്പെട്ടിരിക്കുന്നത് എന്ന് നേതാക്കള്‍ ആലോചിക്കുന്നത് നല്ലതാണെന്നും സെക്രട്ടറിയേറ്റ് പറഞ്ഞു. 

ജനങ്ങള്‍ നവകേരള സദസ്സുകളിലെത്തുന്നത് സര്‍ക്കാരിലുള്ള വിശ്വാസം കൊണ്ടാണ്. അതില്‍ വിറളിപൂണ്ട് കല്ലൂം ഷൂസുമായി ഇറങ്ങിയാല്‍ അതിനനുസരിച്ച് അക്രമങ്ങള്‍ക്കെതിരായി ജനകീയ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും സിപിഐഎം സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

നവ കേരള ബസ്സിന് നേരെ കെഎസ്‌യു ഷൂ എറിഞ്ഞ സംഭവത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ഏറിലേക്ക് പോയാല്‍ മറ്റ് നടപടികളിലേക്ക് പോകേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം ഷൂ എറിഞ്ഞുള്ള പ്രതിഷേധത്തോട് യോജിപ്പില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. ഇത്തരത്തിലുളള സമരം പിന്‍വലിക്കണം. ആവശ്യമില്ലാത്ത യാത്രക്ക് നേരെ ആവശ്യമുള്ള സാധനം എറിയേണ്ടതില്ല. കരുതല്‍ തടങ്കല്‍ അവസാനിപ്പിച്ചാല്‍ കരിങ്കൊടി പ്രതിഷേധവും അവസാനിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.