സംസ്ഥാനത്ത് സ്‌പെഷ്യൽ ഗ്രേഡ് കോളേജുകൾ എന്ന വിഭാഗം ഇനി ഉണ്ടാവില്ല
സംസ്ഥാനത്ത് സ്‌പെഷ്യൽ ഗ്രേഡ് കോളേജുകൾ എന്ന വിഭാഗം ഇനി ഉണ്ടാവില്ല. എറണാകുളം മഹാരാജാസ് കോളേജ് അടക്കം ഏഴ് കോളേജുകളുടെ പദവി ഉന്നത വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി.എറണാകുളം മഹാരാജാസ് കോളേജ്, തലശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ്, പട്ടാമ്പി സംസ്കൃത കോളേജ്, ചിറ്റൂർ കോളേജ്, തിരുവനന്തപുരത്തെ വിമൻസ് കോളേജ് എന്നീ കോളേജുകളുടെ സ്പെഷ്യൽ ഗ്രേഡ് പദവിയാണ് റദ്ദാക്കിയത്. 1994ലെ സ്പെഷൽ റൂൾ പ്രകാരമായിരുന്നു കോളേജുകൾക്ക് പദവി ലഭിച്ചിരുന്നത്. അന്നത്തെ കാലത്ത് ഈ കോളേജുകൾക്ക് മാത്രമായിരുന്നു പിജി, റിസർച്ച് കോഴ്സുകൾ ഉണ്ടായിരുന്നത്. ആ പശ്ചാത്തലത്തിലായിരുന്നു 1994ൽ കോളേജുകൾക്ക് പദവി നൽകി ഉത്തരവിറക്കിയത്.ഏഴാം യുജിസി റഗുലേഷന്‍ പ്രകാരം സ്‌പെഷല്‍ ഗ്രേഡ് കോളേജുകള്‍ എന്ന വിഭാഗം ഇല്ലെന്ന് കണ്ടെത്തിയാണ് വകുപ്പിന്റെ നടപടി. സ്‌പെഷ്യല്‍ ഗ്രേഡ് പദവി റദ്ദാക്കിയതോടെ പ്രസ്തുത കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരെ നിയമിച്ചും വകുപ്പ് ഉത്തരവിറക്കി.നിലവിൽ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഏറ്റവും മുതിർന്ന പ്രിൻസിപ്പൽമാർക്കായിരുന്നു സ്പെഷ്യൽ ഗ്രേഡ് പ്രിൻസിപ്പലായി സ്ഥാനക്കയറ്റം നൽകിയിരുന്നത്. ഇനി മുതൽ ഡെപ്യൂട്ടി ഡയറക്ടറുടെ സ്ഥാനക്കയറ്റത്തിനുള്ള ഫീഡർ തസ്തികയായി പ്രിൻസിപ്പൽ തസ്തിക മാറും