തിരുവനന്തപുരം കോർപ്പറേഷൻ വിജയം: അമിത് ഷാ 11-ന് കേരളത്തിലെത്തും; വിജയികളുമായി കൂടിക്കാഴ്ച
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ചരിത്രവിജയം നേടിയത് ആഘോഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തലസ്ഥാനത്തെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ഈ മാസം 11-നാണ് അദ്ദേഹം എത്തുകയെന്നാണ് വിവരം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഭരണത്തിലെത്തിച്ച കൗൺസിലർമാരെ അദ്ദേഹം നേരിൽ കണ്ട് അഭിനന്ദിക്കും. കേരളത്തിലെ ബിജെപിയുടെ നിർണ്ണായകമായ ഈ നേട്ടം ആഘോഷമാക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വിപുലമായ ഒരുക്കങ്ങളാണ് പാർട്ടി നേതൃത്വം നടത്തുന്നത്. ബിജെപി ജനപ്രതിനിധികൾക്ക് പുറമെ സംസ്ഥാനത്തെ പ്രധാന പാർട്ടി ഭാരവാഹികളും ഈ പരിപാടിയിൽ പങ്കെടുക്കും. ദക്ഷിണേന്ത്യയിൽ പാർട്ടിയുടെ വളർച്ചയ്ക്ക് തിരുവനന്തപുരത്തെ ഈ വിജയം കരുത്തുപകരുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കാനായത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നും ബിജെപി കരുതുന്നു.