തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം; അനധികൃത താമസക്കാരെ കണ്ടെത്താൻ പ്രത്യേക സംഘം, വിദ്യാർഥികളുടെ കണക്കെടുക്കും
തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷത്തിൽ വിദ്യാർഥികളുടെ കണക്കെടുക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച പ്രത്യേക സംഘം. ഹോസ്റ്റലിൽ അനധികൃതമായി താമസിക്കുന്നവരുണ്ടോയെന്നും സംഘർഷദിവസം ഹോസ്റ്റലിലുണ്ടായിരുന്നവർ ആരൊക്കെയാണെന്നും സംഘം പരിശോധിക്കും. ഹോസ്റ്റലിലെ ലഹരി ഉപയോഗം സംബന്ധിച്ച ആരോപണങ്ങളിലും അന്വേഷണം നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, സിറ്റി പൊലീസ് കമ്മിഷണർ, ജില്ലാ കലക്ടർ എന്നിവരാണ് സമിതി അംഗങ്ങൾ.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെത്തിയതോടെയാണ് സംഘർഷമുണ്ടായത്. മാർച്ചിനിടെ ഹോസ്റ്റലിൽനിന്ന് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘർഷത്തിന് കാരണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. എന്നാൽ, സമരക്കാരാണ് പ്രകോപനമുണ്ടാക്കിയതെന്നാണ് ഹോസ്റ്റൽ വിദ്യാർഥികളുടെ വാദം. സമരക്കാർ തീപ്പന്തം ഉൾപ്പെടെയുള്ളവ ഹോസ്റ്റലിലേക്ക് എറിഞ്ഞതോടെയാണ് സംഘർഷം രൂക്ഷമായതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. പിന്നാലെ ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയതോടെ അരമണിക്കൂറോളം തലസ്ഥാനത്ത് തെരുവുയുദ്ധത്തിന് സമാനമായ സാഹചര്യമുണ്ടായി.