തിരുവനന്തപുരം - കണ്ണൂർ അതിവേഗ പാത; കേന്ദ്രത്തിന് ഇടക്കാല പദ്ധതിരേഖ സമർപ്പിക്കാൻ ഇ. ശ്രീധരൻ
വലിയ ചർച്ചകൾക്ക് വഴിതുറന്ന തിരുവനന്തപുരം - കണ്ണൂർ അതിവേഗ റെയിൽപ്പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസർക്കാരിന് ഉടൻ സമർപ്പിക്കാൻ മെട്രോമാൻ ഇ. ശ്രീധരൻ. റെയിൽവേ മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം സ്വന്തം നിലയിൽ മലപ്പുറം പൊന്നാനിയിൽ ഓഫീസ് തുറന്നാണ് ഇ. ശ്രീധരൻ ഈ അതിവേഗപാതയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് (DPR) തയാറാക്കുന്നത്. വരും മാസമായ സെപ്റ്റംബറോടെ അന്തിമ ഡി.പി.ആർ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിശദമായ പദ്ധതിരേഖ പൂർണ്ണമായി തയാറാക്കാൻ കൂടുതൽ സമയമെടുക്കുമെന്നതിനാലാണ് ഇപ്പോൾ പ്രാഥമിക വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ഇടക്കാല റിപ്പോർട്ട് കേന്ദ്രത്തിന് നൽകുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കുകയും തുടർന്ന് കേരള സർക്കാരിന്റെ അഭിപ്രായം തേടുകയും ചെയ്താൽ സംസ്ഥാനവുമായി ഔദ്യോഗിക കൂടിയാലോചനകൾ നടത്താനാണ് തീരുമാനം. കേരള സർക്കാരും പുതിയൊരു അതിവേഗപാതയ്ക്കുള്ള ആലോചനകളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ, താൻ മുന്നോട്ടുവെച്ച ഈ റെയിൽ പദ്ധതിയോട് സംസ്ഥാനം പൂർണ്ണമായി സഹകരിക്കുമെന്നാണ് ഇ. ശ്രീധരന്റെ പ്രതീക്ഷ.
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് 3 മണിക്കൂർ 20 മിനിറ്റ്
തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ മൂന്ന് പ്രധാന വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് 465 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഈ അതിവേഗ പാത വിഭാവനം ചെയ്തിരിക്കുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലായിരിക്കും ഇതിലൂടെ ട്രെയിനുകൾ സർവീസ് നടത്തുക. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വെറും 3 മണിക്കൂറും 20 മിനിറ്റും കൊണ്ട് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിൽ എത്തിച്ചേരാൻ യാത്രക്കാർക്ക് സാധിക്കും.