101 വോട്ടുകൾ നേടി 16-ാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

 

കേരള നിയമസഭയുടെ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. മൂന്ന് മുന്നണികളും മത്സരരംഗത്തുണ്ടായതിനാൽ സഭയിൽ വോട്ടെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.തിരുവഞ്ചൂർ രാധാകൃഷ്ണന് 101 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി എ.സി. മൊയീൻ 35 വോട്ടും എൻഡിഎ സ്ഥാനാർഥി ബി.ബി. ഗോപകുമാർ മൂന്ന് വോട്ടും നേടി. നടപടികൾ നിയന്ത്രിച്ച പ്രോടെം സ്പീക്കർ ജി. സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല.

പേര് വിളിക്കുന്നതിനനുസരിച്ച് അംഗങ്ങൾ സ്പീക്കറുടെ ഡയസിന് പിന്നിൽ ഒരുക്കിയിരുന്ന സ്ഥലത്തെത്തി വോട്ട് രേഖപ്പെടുത്തി പെട്ടിയിൽ നിക്ഷേപിക്കുകയായിരുന്നു.138 വർഷത്തെ പാരമ്പര്യമുള്ള കേരള നിയമസഭയുടെ 25-ാമത് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പാർലമെന്ററി ജനാധിപത്യത്തിലെ ഏറ്റവും നിർണായകമായ ചുമതലയാണ് പാർട്ടി ഏൽപിച്ചതെന്നും അത് പൂർണ ഉത്തരവാദിത്വത്തോടെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഭരണ-പ്രതിപക്ഷ അംഗങ്ങൾ ജനതാൽപര്യം മുൻനിർത്തി നിയമസഭയെ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

തങ്ങളുടെ യുവജന കാലത്ത് തീപ്പൊരിയായ നേതാവായിരുന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. നിയമസഭക്ക് അകത്തും പുറത്തും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്നയാളാണെന്നും തന്റെ ജ്യേഷ്ഠ സഹോദരനായ തിരുവഞ്ചൂർ രാധാകൃഷ്ണന് എല്ലാവിധ ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.ബാറ്റിങ്‌സൈഡ് നിയമിച്ച അമ്പയർ ആയി സ്പീക്കർ മാറാതിരിക്കട്ടെ എന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. സ്പീക്കർ നിഷ്പക്ഷമായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ. വിവിധ വകുപ്പുകളുടെ ചുമതലയിൽ സുദീർഘമായ പ്രവർത്തന പരിചയമാണ് തിരുവഞ്ചൂരിന്റേത്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ പരിരക്ഷിക്കും വിധം ആകട്ടെ പ്രവർത്തനമെന്നും പിണറായി വിജയൻ പറഞ്ഞു.തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചു.ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ ഒന്നിനാണ് നടക്കുക. ഭരണപക്ഷ സ്ഥാനാർഥിയായി ഷാനിമോൾ ഉസ്മാനെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എൽഡിഎഫും ബിജെപിയും ഇതുവരെ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല.