ഇത് നയരാഹിത്യ പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ്

 

ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗം നയരാഹിത്യ പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.പറയേണ്ടത് പറഞ്ഞിട്ടില്ല. കുറേ കാര്യങ്ങൾ കേന്ദ്രത്തിൽ നിന്നും ചോദിച്ചു വാങ്ങേണ്ടതുണ്ട്. അവയെക്കുറിച്ചെല്ലാം മൗനം പാലിച്ചു. ഇത് സംസ്ഥാനത്തിന് അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ കാര്യങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കും. കേരളത്തിന്റെ സമഗ്രമായ വികസനത്തിന്റെ ബ്ലൂപ്രിന്റ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ചതാണ്. അത് എങ്ങനെയൊക്കെയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നതിനെക്കുറിച്ച് സൂചനപോലുമില്ല. പ്രധാനപ്പെട്ട പദ്ധതികളെക്കുറിച്ച് പരാമർശമേ ഇല്ല. സംസ്ഥാനത്തിന്റെ ധനകാര്യസ്ഥിതി റിസർവ് ബാങ്ക് തന്നെ അംഗീകരിച്ച കണക്ക് അനുസരിച്ചത് 5429 കോടി രൂപ ഖജനാവിൽ നീക്കിയിരിപ്പ് വെച്ചാണ് എൽഡിഎഫ് സർക്കാർ ഇറങ്ങിയത്. അത് മറച്ചുവെച്ച് ശരിയല്ലാത്ത നെറേറ്റീവ് സൃഷ്ടിക്കാനുള്ള ശ്രമമായി നയപ്രഖ്യാപനത്തെ കാണണം എന്നും പിണറായി വിജയൻ വിമർശിച്ചു.

കുടുംബശ്രീ, കിഫ്ബി തുടങ്ങിയ പ്രധാന വികസന സംവിധാനങ്ങളെക്കുറിച്ച് നയപ്രഖ്യാപനത്തിൽ പരാമർശമില്ലാത്തതും വിമർശനത്തിന് ഇടയാക്കി. തൊഴിൽ ഉറപ്പ് പദ്ധതി സംബന്ധിച്ചും അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ തുടർച്ചയെക്കുറിച്ചും വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളോടുള്ള നിലപാട് വ്യക്തമാക്കാത്തതും ഫെഡറൽ സംവിധാനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന വിഷയത്തിൽ മൗനം പാലിച്ചതും അദ്ദേഹം വിമർശിച്ചു.എങ്കിലും ജനക്ഷേമ പദ്ധതികൾക്ക് പിന്തുണ നൽകുമെന്നും നാടിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളെ എതിർക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.