രാജി പ്രഖ്യാപിക്കേണ്ട വേദി ഇതായിരുന്നില്ല'; ദേവന്റെ രാജിയിൽ പരസ്യ അതൃപ്തിയുമായി ബി. രാധാകൃഷ്ണ മേനോൻ
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച നടൻ ദേവന്റെ പ്രഖ്യാപനത്തിൽ അതൃപ്തി പരസ്യമാക്കി ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോൻ. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ പരിപാടിക്കിടെ തന്നെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
രാജി പ്രഖ്യാപിക്കേണ്ട വേദി ഇതായിരുന്നില്ലെന്നും ദേവന്റെ രാജിപ്രഖ്യാപനം തന്നെ അത്ഭുതപ്പെടുത്തിയെന്നും ബി. രാധാകൃഷ്ണ മേനോൻ പറഞ്ഞു. ബിജെപി ദേവന് ആവശ്യമായ പരിഗണന നൽകിയിട്ടുണ്ട്. 2047ഓടെ ഭാരതത്തെ ലോകത്തിന്റെ ഒന്നാം നിരയിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുമ്പോൾ ആ പ്രസ്ഥാനത്തിന്റെ ഭാഗമല്ലാതാകാൻ ദേവനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിൽ ചേർന്നതിന് പിന്നാലെ തന്നെ ദേവനെ സംസ്ഥാന ഭാരവാഹിയാക്കിയിരുന്നു. പാർട്ടി വിടാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നും വിഷയത്തിൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ബി. രാധാകൃഷ്ണ മേനോൻ വ്യക്തമാക്കി.
കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ പൊതുവേദിയിലാണ് ദേവൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചതായി പ്രഖ്യാപിച്ചത്. രാജിക്കത്ത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും.
2021 മാർച്ചിലാണ് ദേവൻ ബിജെപിയിൽ ചേർന്നത്. 17 വർഷം മുൻപ് അദ്ദേഹം രൂപീകരിച്ച കേരള പീപ്പിൾസ് പാർട്ടിയെ ബിജെപിയുടെ സംസ്ഥാന ഘടകത്തിൽ ലയിപ്പിച്ചായിരുന്നു പാർട്ടി പ്രവേശനം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിച്ച വിജയയാത്രയുടെ സമാപനച്ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു ലയനം പ്രഖ്യാപിച്ചത്.
2023 ഡിസംബറിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി ദേവനെ നിയമിച്ചു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കെ. സുരേന്ദ്രൻ ദേവനെ സംസ്ഥാന വൈസ് പ്രസിഡന്റായി നാമനിർദേശം ചെയ്തത്.