56 വർഷത്തിന് ശേഷം കണ്ടെത്തിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സൈന്യത്തിന്റെ ശ്രമം; പ്രത്യേക വിമാനം സജ്ജം
56 കൊല്ലം മുമ്പ് ഹിമാചൽപ്രദേശിലെ റോത്താംഗ് ചുരത്തിനടുത്ത് വിമാനം തകർന്ന് വീണ് കാണാതായ സൈനികർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു. മലയാളിയായ തോമസ് ചെറിയാൻ അടക്കം നാല് പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രിയോടെ റോത്താംഗ് പാസിന് സമീപമുള്ള ലോസർ ഹെലിപാഡിൽ എത്തിച്ചു. മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ചണ്ഡിഗഡിലേക്ക് ഇന്ന് കൊണ്ടുപോകും. ഉച്ചയോടെ മൃതദേഹങ്ങൾ ചണ്ഡിഗഡിൽ എത്തിക്കുമെന്നാണ് വിവരം. ഇന്ന് തന്നെ തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാണ് സൈന്യത്തിന്റെ ശ്രമം. ഇതിനായി വ്യോമസേനയുടെ പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ട്.
102 പേരുമായി ചണ്ഡിഗഡിൽ നിന്ന് ലേയിലേക്ക് പോയ എഎൻ 32 സോവിയറ്റ് നിർമ്മിത വിമാനമാണ് റോത്താഗ് പാസിന് അടുത്ത് മലമുകളിൽ തകർന്നുവീണത്. 2003ൽ വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതിന് ശേഷമാണ് മൃതദ്ദേഹങ്ങൾ ഉണ്ടോ എന്നറിയാനുള്ള പര്യവേക്ഷണം ശക്തമാക്കിയത്. 2019ൽ 5 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇന്നലെ നാല് പേരുടെ മൃതദ്ദേഹം കൂടി കിട്ടി. പ്രത്യേക ദൗത്യങ്ങൾക്ക് നിയോഗിക്കുന്ന ദോഗ്ര സ്തൗട്ട്‌സും തിരംഗ മൌണ്ടൻ സംഘവും ചേർന്നാണ് കഴിഞ്ഞ മാസം 25ന് വീണ്ടും തെരച്ചിൽ തുടങ്ങിയത്. പത്ത് ദിവസം കൂടി ദൗത്യം തുടരാനാണ് തീരുമാനം.