മൂന്ന് കോടിക്ക് മന്ത്രിസ്ഥാനം വാഗ്ദാനം; വിദ്യ ബാലകൃഷ്ണൻ എംഎൽഎയെ വിളിച്ചത് ഡൽഹി സൈബർ തട്ടിപ്പ് സംഘം
മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണന് ഫോൺ കോൾ ചെയ്തത് ഡൽഹി കേന്ദ്രീകരിച്ചുള്ള സൈബർ തട്ടിപ്പ് സംഘമെന്ന് കണ്ടെത്തൽ. കോളിനായി ഉപയോഗിച്ച സിം കാർഡിന്റെ ഉടമയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. തുടർവിവരങ്ങൾ ശേഖരിക്കാനായി സൈബർ സെൽ പൊലീസ് ഉടൻ ഡൽഹിയിലേക്ക് തിരിക്കും. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നാണെന്ന് വ്യാജേനയാണ് തട്ടിപ്പുകാർ എംഎൽഎയെ ബന്ധപ്പെട്ടത്.
ജൂലൈ ആറിനാണ് വിദ്യ ബാലകൃഷ്ണന് സംശയകരമായ ഫോൺ കോൾ ലഭിക്കുന്നത്. സംസ്ഥാനത്ത് ഉടൻ മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമെന്നും നിലവിലെ ചില മന്ത്രിമാർ സ്ഥാനമൊഴിയുമെന്നും വിളിച്ചയാൾ പറഞ്ഞു. മന്ത്രിസഭയിലേക്ക് വിദ്യ പരിഗണിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അതിനായി മൂന്ന് കോടി രൂപ നൽകണമെന്നും ഹിന്ദി സംസാരിച്ച തട്ടിപ്പുകാരൻ ആവശ്യപ്പെട്ടു.
ജില്ലയിലെ ഒരു എംപിയുടെ പേര് റഫറൻസായി പറഞ്ഞായിരുന്നു തട്ടിപ്പുകാരുടെ സംസാരം. സംശയം തോന്നിയ വിദ്യ ബാലകൃഷ്ണൻ ഉടൻ തന്നെ ഈ എംപിയുമായി ബന്ധപ്പെട്ടു. എഐസിസി ആസ്ഥാനത്ത് നിന്നാണെന്ന് പറഞ്ഞ് തന്നോട് രണ്ട് എംഎൽഎമാരുടെ ഫോൺ നമ്പറുകൾ ചോദിച്ചിരുന്നുവെന്നും എന്നാൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നുമാണ് എംപി വ്യക്തമാക്കിയത്. ഇതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ വിദ്യ ബാലകൃഷ്ണൻ കഴിഞ്ഞ പതിനൊന്നാം തീയതി സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.