കേരളത്തിൽ വീണ്ടും മൂന്ന് പേർക്ക് കൂടി ഷിഗെല്ല ബാധ സ്ഥിരീകരിച്ചു.
കേരളത്തിൽ വീണ്ടും മൂന്ന് പേർക്ക് കൂടി ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ചങ്ങരോത്ത്, ഫറോക്ക്, പുതിയങ്ങാടി മേഖലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. മൂന്ന് പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
അതേസമയം വയനാട് ഷിഗെല്ല റിപ്പോർട്ട് ചെയ്ത സ്‌കൂളിൽ ജലശുദ്ധീകരണത്തിൽ വീഴ്ചയുണ്ടായെന്ന് മന്ത്രി ടി. സിദ്ദീഖ്. കോളിയാടി മാർ ബസേലിയസ് എയുപി സ്‌കൂളിലേക്കുള്ള ജലസ്രോതസുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.വാട്ടർ ഫിൽട്ടർ അടക്കം വേണ്ട രീതിയിൽ വൃത്തിയാക്കിയിട്ടില്ല. ജില്ലയിലുള്ള സ്‌കൂളുകളിലെ കിണറുകൾ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴു വയസുകാരനാണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ് മരിച്ചത്. ഈ മാസം 12നാണ് ആർജവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും വയറിളക്കത്തെയും തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നത്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം നാലായി. അതിൽ മൂന്ന് മരണവും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ്.