മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന മക്കൾക്ക് മൂന്ന് വർഷം തടവ്; വയോജന സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
Updated: Nov 23, 2026, 18:15 IST
മാതാപിതാക്കളുടെ സ്വത്ത് എഴുതി വാങ്ങിയശേഷം അവരെ തെരുവിൽ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമം പ്രാബല്യത്തിൽ വന്നാൽ കുറ്റക്കാർക്ക് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇനി ഒരു മാതാപിതാവും തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്കായി ലുലു ഗ്രൂപ്പ് നിർമ്മിച്ചു നൽകിയ പിതൃഭവനത്തിൻ്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.