പെരുമ്പാവൂരിൽ മൂന്ന് വയസുകാരന്റെ മരണം: രണ്ടാനച്ഛന്‍ കുട്ടിയെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അമ്മയുടെ മൊഴി

 

പെരുമ്പാവൂരിൽ അസം സ്വദേശിയായ മൂന്ന് വയസുകാരന്റെ മരണത്തിൽ ദുരൂഹതയേറുന്നു. രണ്ടാനച്ഛൻ മഹേശ്വർ കുട്ടിയെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്നും തല ഭിത്തിയിൽ ശക്തമായി ഇടിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ പോലീസിന് മൊഴി നൽകി. കുട്ടി കെട്ടിടത്തിന്റെ ടെറസിൽനിന്ന് വീഴുന്നത് കണ്ടിട്ടില്ലെന്നും അമ്മ വ്യക്തമാക്കി. സംഭവത്തിൽ രണ്ടാനച്ഛൻ പോലീസ് കസ്റ്റഡിയിലാണ്.മരണകാരണം തലയിലെ ആന്തരിക രക്തസ്രാവം കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടി ടെറസിൽനിന്ന് വീണുണ്ടായ അപകടത്തിലാണ് മരിച്ചതെന്നായിരുന്നു മഹേശ്വർ പോലീസിനോട് പറഞ്ഞിരുന്നത്.

പെരുമ്പാവൂർ വല്ലത്തെ കോർട്ടേഴ്‌സിലായിരുന്നു കുടുംബത്തിന്റെ താമസം. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ് മഹേശ്വർ. ഇന്നലെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടവരുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് കുട്ടിക്ക് ബോധമുണ്ടായിരുന്നില്ലെന്നാണ് വിവരം. കെട്ടിടത്തില്‍ നിന്ന് വീണ് പരുക്കേറ്റു എന്നാണ് എല്ലാവരോടും പറഞ്ഞത്.

കുട്ടിയുടെ ഇരുകവിളുകളിലും രക്തം കല്ലിച്ച പാടുകളും ശരീരത്തിൽ മുറിവുകളും ഉണ്ടായിരുന്നതായി അയൽവാസികൾ വെളിപ്പെടുത്തി. കുട്ടിയെ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്നും അയൽവാസി പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോർട്ടം. കുട്ടിയുടെ അമ്മയെയും സഹോദരിയെയും പോലീസ് ഇടപെട്ട് ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.