തൃക്കാക്കര മോർഫിങ് കേസ്: ടെലഗ്രാം ഗ്രൂപ്പിൽ ഝാർഖണ്ഡ് നമ്പറും; നിർണായക വിവരങ്ങൾ പുറത്ത്
തൃക്കാക്കര മോർഫിങ് കേസിലെ പ്രതികൾ ഉപയോഗിച്ച ടെലഗ്രാം പ്രീമിയം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. കേസിലെ രണ്ടാം പ്രതി സനീഷ് ആരംഭിച്ച പ്രീമിയം ഗ്രൂപ്പിലെ അഡ്മിൻമാരുടെയും അംഗങ്ങളുടെയും വിവരങ്ങൾ ടെലഗ്രാം അധികൃതർ കൈമാറി. ഈ ഗ്രൂപ്പിൽ ഝാർഖണ്ഡ് സ്വദേശിയുടെ നമ്പർ ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയതോടെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചു.
കേസിൽ ഉൾപ്പെട്ടവർ ആരെങ്കിലും അവിടെപ്പോയി എടുത്ത സിം കാർഡാണോ ഇത്, സംസ്ഥാനത്തിന് പുറത്തുള്ള മറ്റാർക്കെങ്കിലും കേസിൽ പങ്കുണ്ടോ, അതോ മറ്റാരുടെയെങ്കിലും വ്യാജ രേഖകൾ ഉപയോഗിച്ച് എടുത്ത സിം കാർഡാണോ ഇത് തുടങ്ങിയ പ്രധാന സാധ്യതകളാണ് പോലീസ് സംഘം പരിശോധിക്കുന്നത്.
കേസിൽ ആദ്യം ശ്രീഹരിയും തുടർന്ന് സനീഷുമാണ് അറസ്റ്റിലായത്. ശ്രീഹരി അടക്കമുള്ളവർ പങ്കുവെച്ച ചിത്രങ്ങളുടെ കൂടുതൽ ദൃശ്യങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് സനീഷ് പ്രചരണം നടത്തിയത്. തുടർന്ന് ആളുകളിൽ നിന്ന് പണം ഈടാക്കി പ്രീമിയം ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യുകയും അശ്ലീല ചിത്രങ്ങൾ പങ്കുവെക്കുകയുമായിരുന്നു. നാലോളം ടെലഗ്രാം ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകളും അറസ്റ്റുകളും ഉണ്ടാകുമെന്നും തൃക്കാക്കര പോലീസ് അറിയിച്ചു.