തൃക്കാക്കര മോർഫിങ് കേസ്: ചിത്രങ്ങൾ പ്രചരിപ്പിക്കാൻ പ്രത്യേക ‘പ്രീമിയം’ ഗ്രൂപ്പ്, അംഗമാകാൻ 250 രൂപ

 

തൃക്കാക്കര മോർഫിങ് കേസിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. കേസിൽ രണ്ടാമതായി അറസ്റ്റിലായ ആലപ്പുഴ സ്വദേശിയായ കോളേജ് വിദ്യാർഥി സനീഷ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കാൻ പ്രത്യേക ‘പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. കേസിലെ മറ്റൊരു പ്രതിയായ ബി.എം.സി കോളേജ് വിദ്യാർഥി ശ്രീഹരി തയ്യാറാക്കിയ മോർഫ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങളാണ് സനീഷ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചതെന്നും പോലീസ് കണ്ടെത്തി.

തുടക്കത്തിൽ 1500-ഓളം പേരുള്ള ഒരു പ്രമോഷൻ ഗ്രൂപ്പിലാണ് ഇയാൾ ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. കൂടുതൽ അശ്ലീല സ്വഭാവമുള്ള ചിത്രങ്ങൾ വേണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെട്ട് പരസ്യം നൽകിയ ശേഷമാണ് സനീഷ് പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ചത്. ഒരാളിൽ നിന്ന് 250 രൂപ വീതം ഈടാക്കി 12 പേരെ ഗ്രൂപ്പിൽ ചേർത്തതായും പൊലീസ് പറഞ്ഞു.

ശ്രീഹരിയും സനീഷും തമ്മിൽ നേരിട്ട് പരിചയമില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ഇരുവരും ബന്ധപ്പെട്ടിരുന്നത്. പണം സ്വീകരിക്കാൻ സനീഷ് ഉപയോഗിച്ച ക്യു.ആർ. കോഡ് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും പൊലീസ് കണ്ടെടുത്തു.ഇരുവരുടെയും മൊബൈൽ ഫോണുകളിൽ ചൈൽഡ് പോർണോഗ്രാഫി ദൃശ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇരുവർക്കുമെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

അറസ്റ്റിലായ സനീഷിനെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിച്ചു. ഒന്നാം പ്രതിയായ ശ്രീഹരിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയാണ്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു.സൈബർ സെല്ലിന്റെ സഹായത്തോടെ ടെലഗ്രാം ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും പൊലീസ് അറിയിച്ചു.