തൃശൂർ പൂരത്തിന് പ്രൗഢമായ പരിസമാപ്തി; ഉപചാരം ചൊല്ലിപ്പിരിഞ്ഞു; ഇനി അടുത്ത വർഷം ഏപ്രിൽ 17-നായി കാത്തിരിപ്പ്
മേളപ്പെരുക്കത്തിന്റെയും ആനച്ചന്തത്തിന്റെയും ആവേശക്കടലിന് വിരാമമിട്ട് തൃശൂർ പൂരത്തിന് പ്രൗഢമായ പരിസമാപ്തി. തിരുവമ്പാടി - പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് 230-ാമത് തൃശൂർ പൂരത്തിന് സമാപ്തിയായത്. അടുത്ത വർഷത്തെ പൂരം 2027 ഏപ്രിൽ 17-ന് നടക്കുമെന്ന പ്രഖ്യാപനത്തോടെയാണ് പൂരപ്രേമികൾ പൂരനഗരിയോട് വിടപറഞ്ഞത്.
പൂരദിനം ലോകത്തിനായി സമർപ്പിക്കപ്പെടുമ്പോൾ, പകൽപ്പൂരം തട്ടകക്കാർക്കുള്ളതാണ് എന്ന സവിശേഷതയോടെയാണ് ഇന്നത്തെ ചടങ്ങുകൾ നടന്നത്. രാവിലെ ഏഴരയോടെ മണികണ്ഠനാലിൽ നിന്ന് പതിനഞ്ച് ആനകളുടെ അകമ്പടിയോടെ പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിച്ചു. എറണാകുളം ശിവകുമാർ ഭഗവതിയുടെ തിടമ്പേറ്റി. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലുള്ള മേളം പൂരനഗരിയെ ആവേശത്തിലാഴ്ത്തി. പത്ത് മണിയോടെ ശ്രീമൂലസ്ഥാനം പന്തലിലെത്തിയ എഴുന്നള്ളിപ്പ് രണ്ട് മണിക്കൂർ നീണ്ട കൊട്ടിക്കലാശത്തോടെ സമാപിച്ചു.
നായ്ക്കനാലിൽ നിന്ന് തിരുവമ്പാടി ചന്ദ്രശേഖരന്റെ തിടമ്പിലേറി തിരുവമ്പാടി ഭഗവതിയും എഴുന്നള്ളി. ചെറുശേരി കുട്ടൻ മാരാരുടെ മേളപ്രമാണത്തിൽ നടന്ന എഴുന്നള്ളിപ്പ് പത്ത് മണിയോടെ ശ്രീമൂലസ്ഥാനത്തെത്തി. ആദ്യം മേളം കലാശിച്ച പാറമേക്കാവ് പടിഞ്ഞാറേ നടയിലെത്തി തിരുവമ്പാടിക്കായി കാത്തിരുന്നു. തുടർന്ന് മേളം കലാശിച്ച് എത്തിയ തിരുവമ്പാടി ഭഗവതി വടക്കുന്നാഥനെ വണങ്ങാൻ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ചു. പാറമേക്കാവ് ഭഗവതി നടുവിലാൽ ഗണപതിയെ വണങ്ങി താഴേക്ക് വന്നതോടെ ഇരുവിഭാഗങ്ങളും മുഖാമുഖം നിരന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇനി അടുത്ത കൊല്ലം കാണാമെന്ന വാക്കോടെ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ തൃശൂരിന്റെ തട്ടകം ശാന്തമായി.