തൃശൂർ പുലിക്കളി മഹോത്സവം 2026: അയ്യന്തോൾ ദേശം ഒന്നാമത്; ഒളരിക്കര രണ്ടാമതും വിയ്യൂർ മൂന്നാമതും
തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു. വാശിയേറിയ മത്സരത്തിനൊടുവിൽ മികച്ച പുലിക്കളി സംഘമായി അയ്യന്തോൾ ദേശം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒളരിക്കര ദേശം രണ്ടാം സ്ഥാനവും വിയ്യൂർ യുവജനസംഘം മൂന്നാം സ്ഥാനവും നേടി. മികച്ച സംഘത്തിന് പുറമെ പുലിക്കൊട്ട്, പുലിവര, പുലിവേഷം, അച്ചടക്കം എന്നീ വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടി അയ്യന്തോൾ ദേശം ആധിപത്യം ഉറപ്പിച്ചു.
സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള ടാബ്ലോ വിഭാഗത്തിൽ കാനാട്ടുകര ദേശവും പുരാണ വിഭാഗം ടാബ്ലോയിൽ സീതാറാം മിൽ ദേശവും ഒന്നാം സ്ഥാനം നേടി. പുലിവണ്ടി വിഭാഗത്തിൽ കുട്ടൻകുളങ്ങര പുലിക്കളി സംഘവും മികച്ച ചമയത്തിനുള്ള പുരസ്കാരം വിയ്യൂർ യുവജനസംഘവും സ്വന്തമാക്കി.
പുലിക്കൊട്ടിൽ സീതാറാം മിൽ രണ്ടാമതും ശങ്കരംകുളങ്ങര മൂന്നാമതുമെത്തി. പുലിവരയിൽ ഒളരിക്കര രണ്ടാം സ്ഥാനവും സീതാറാം മിൽ മൂന്നാം സ്ഥാനവും നേടി. പുലിവേഷത്തിൽ വിയ്യൂർ യുവജനസംഘം രണ്ടാമതും സീതാറാം മിൽ മൂന്നാമതുമായി. മികച്ച അച്ചടക്കമുള്ള സംഘത്തിനുള്ള പ്രത്യേക പുരസ്കാരവും അയ്യന്തോൾ ദേശത്തിനാണ്.