തൊണ്ടിമുതൽ കാണാതായ സംഭവം: സബിത്തിനെ ബലിയാടാക്കാൻ ഗൂഢാലോചനയെന്ന് അഭിഭാഷകൻ

 

വയനാട് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കാണാതായ സംഭവത്തിൽ സസ്‌പെൻഷനിലായ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെതിരെ ഗൂഢാലോചനയുണ്ടെന്ന് അഭിഭാഷകൻ. രൂക്ഷഗന്ധം കാരണം ഹാൻസ് അടങ്ങിയ ചാക്കുകൾ മാറ്റിവെക്കുക മാത്രമാണ് സബിത്ത് ചെയ്തതെന്നും മോഷണവുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും അഭിഭാഷകൻ അമൽജിത്ത് വ്യക്തമാക്കി.

സ്റ്റേഷനിൽ കാർ കഴുകുന്നതിനിടെ ചാക്കിൽ സൂക്ഷിച്ചിരുന്ന ഹാൻസിന്റെ രൂക്ഷഗന്ധം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സബിത്ത് അവ സ്റ്റോറൂമിന് സമീപത്തേക്ക് മാറ്റിവെച്ചെന്നാണ് അഭിഭാഷകന്റെ വിശദീകരണം. ഇതിന് പിന്നാലെ സബിത്ത് അവധിയിൽ പോയി. മാസങ്ങൾക്ക് ശേഷം റൈറ്ററും അസിസ്റ്റന്റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് ഏഴ് ചാക്ക് ഹാൻസ് കാണാനില്ലെന്ന് കണ്ടെത്തിയത്.

കൃത്യമായ അന്വേഷണം നടത്താതെയാണ് സബിത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നാണ് അഭിഭാഷകന്റെ ആരോപണം. തൊണ്ടിമുതൽ കാണാതായ വിവരം അറിഞ്ഞതിനെ തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

സബിത്ത് ഒളിവിലാണെന്ന പൊലീസ് വാദവും അഭിഭാഷകൻ തള്ളി. പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചകൾ മറച്ചുവെച്ച് സബിത്തിനെ ബലിയാടാക്കാനാണ് ശ്രമമെന്നും സംഭവത്തിൽ നീതിപൂർവമായ അന്വേഷണം വേണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.