ഇന്ന് മഹാനവമി; വിദ്യാരംഭത്തിനൊരുങ്ങി മൂകാംബിക ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ; വൻ ഭക്തജനത്തിരക്ക്

 

ഇന്ന് മഹാനവമി. വിജയദശമി ദിനത്തിലെ വിദ്യാരംഭ ചടങ്ങുകൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ 3 മണിക്ക് നടതുറക്കും. മുഖ്യതന്ത്രി രാമചന്ദ്ര അഡിഗയുടെ നേതൃത്വത്തിൽ സരസ്വതി മണ്ഡപത്തിലാണ് കുട്ടികളെ എഴുത്തിനിരുത്തുക.

ചോറ്റാനിക്കരയിൽ പൂജകൾക്ക് ശേഷം 16 വൈദികരുടെ നേതൃത്വത്തിൽ കിഴക്കേ നടയിൽ എഴുത്തിനിരുത്ത് നടക്കും. കുരുന്നുകൾക്ക് സാരസ്വതാരിഷ്ടവും പ്രസാദവും വിതരണം ചെയ്യും. തിരൂർ തുഞ്ചൻപറമ്പിൽ പ്രമുഖരും ആശാന്മാരും ചേർന്നാണ് ആദ്യാക്ഷരം കുറിപ്പിക്കുന്നത്. ഗുരുവായൂരിൽ രാവിലെ 7 മണിക്ക് വടക്കേ പഠിപ്പുര മണ്ഡപത്തിലാണ് വിദ്യാരംഭം.

പറവൂർ ദക്ഷിണ മൂകാംബിക, ചേർപ്പ് തിരുവുള്ളക്കാവ്, പനച്ചിക്കാട്, ആറ്റുകാൽ, തിരുവമ്പാടി, പാറമേക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിലും വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ പലയിടത്തും മുൻകൂട്ടി ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.