ഒന്നരവയസ്സുകാരനെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി; തലയിലും കയ്യിലും കടിയേറ്റ് ആഴത്തിലുള്ള മുറിവുകൾ
കാസർകോട് അയൽവീടിന്റെ മുറ്റത്തു കളിക്കുകയായിരുന്ന ഒന്നരവയസ്സുകാരനെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി ക്രൂരമായി മുറിവേൽപിച്ചു. നിലവിളികേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നു. പടന്ന വടക്കേപ്പുറത്ത് വണ്ണാത്തിമുക്കിനു സമീപം പള്ളിച്ചുമ്മാടെ ഫാബിന – സുലൈമാൻ ദമ്പതികളുടെ മകൻ ബഷീറിനെയാണ് നായ്ക്കൾ ആക്രമിച്ചത്. തലയിലും കയ്യിലും കടിയേറ്റ് ആഴത്തിലുള്ള മുറിവേറ്റ കുട്ടിയെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയൽവീട്ടിൽ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് കുടുംബം. പരിപാടിക്കിടെ വൈകിട്ട് അഞ്ചരയോടെ വീട്ടുമുറ്റത്തു കളിക്കുമ്പോഴാണ് കുട്ടിയെ തെരുവുനായ്ക്കൂട്ടം ആക്രമിച്ചത്. നായ്ക്കളിലൊന്ന് പൂച്ചയെ കടിച്ചെടുക്കുന്നതുപോലെ കുട്ടിയെ കടിച്ചെടുത്തു കൊണ്ടുപോയതായി അയൽവാസി പറയുന്നു.