കോഴിക്കോട് ബൈപ്പാസിൽ ടോൾ വെട്ടിപ്പ് വർധിക്കുന്നു; കര്‍ശന നടപടിയുമായി പൊലീസ്

 

കോഴിക്കോട് ദേശീയപാത ബൈപ്പാസിൽ ടോൾ നൽകാതെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് പൊലീസ് നടപടികൾ ശക്തമാക്കി. ടോൾ വെട്ടിച്ച് കടന്നുപോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ ടോൾ അധികൃതർ പൊലീസ് വിഭാഗത്തിന് കൈമാറിത്തുടങ്ങി.ഇന്നലെ മാത്രം ടോള്‍ നല്‍കാതെ കടന്നുപോയത് 86 വാഹനങ്ങളാണ്. ഇന്ന് ഒരുമണിവരെ 32 വാഹനങ്ങളും ടോള്‍ നല്‍കാതെ കടന്നുപോയി. ഇവയിൽ ഭൂരിഭാഗവും കാറുകളാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.ടോൾ നൽകാതെ പോകുന്ന വാഹനങ്ങൾക്ക് ട്രാഫിക് പൊലീസ് ആയിരം രൂപ പിഴ ഈടാക്കുന്നുണ്ട്. നേരത്തെ ടോൾ നൽകാത്ത വാഹനങ്ങളെ ജീവനക്കാർ തടഞ്ഞുനിർത്തിയിരുന്നെങ്കിലും തർക്കങ്ങൾ ഒഴിവാക്കുന്നതിനായി ആ നടപടി നിർത്തിയതോടെയാണ് ടോൾ വെട്ടിപ്പ് വർധിച്ചതെന്നാണ് വിവരം.