'ലക്ഷ്യമിടുന്നത് 10,000 കോടിയുടെ ആകെ നിക്ഷേപം'; ടാറ്റ വിവാദത്തിൽ വിശദീകരണവുമായി സർക്കാർ

 

ടാറ്റ ഗ്രൂപ്പുമായി നിക്ഷേപ കരാറിലേർപ്പെട്ടെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തിൽ വിശദീകരണവുമായി സർക്കാർ രംഗത്ത്. 'മിഷൻ സമുദ്ര' പദ്ധതിയുടെ ഭാഗമായി വരും വർഷങ്ങളിൽ കേരളത്തിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപ സാധ്യതയെക്കുറിച്ചാണ് മുഖ്യമന്ത്രി അഭിമുഖത്തിൽ സൂചിപ്പിച്ചതെന്ന് സർക്കാർ പത്രക്കുറിപ്പിൽ വ്യക്തമാക്കി. അല്ലാതെ ഏതെങ്കിലും ഒരു പ്രത്യേക സ്ഥാപനവുമായി മാത്രം ഇത്രയും തുകയുടെ നിക്ഷേപ കരാർ അന്തിമമായി ഉറപ്പിച്ചിട്ടില്ലെന്നാണ് വിശദീകരണം.

മലബാർ സിമന്റ്‌സ് ലിമിറ്റഡും ടാറ്റാ പ്രോജക്ട്‌സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്‌സൺ എൻജിനീയറിങ് ലിമിറ്റഡും ചേർന്ന് കൊച്ചിയിൽ കപ്പൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന് സർക്കാർ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശമുണ്ടായത്. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ, കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവയുൾപ്പെടെയുള്ള തീരദേശ മേഖലകളെ പ്രയോജനപ്പെടുത്തി കപ്പൽ നിർമ്മാണം, അറ്റകുറ്റപ്പണി, മറൈൻ എൻജിനീയറിങ്, ലോജിസ്റ്റിക്‌സ് തുടങ്ങിയ അനുബന്ധ വ്യവസായങ്ങൾ ഏകോപിപ്പിച്ചുള്ള സമഗ്ര സമുദ്ര വികസനമാണ് 'മിഷൻ സമുദ്ര'യിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ഈ പദ്ധതികളുമായി ബന്ധപ്പെട്ട് ആഭ്യന്തര-വിദേശ നിക്ഷേപകരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇവ അന്തിമഘട്ടമാകുന്ന മുറയ്ക്ക് ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തുമെന്നും സർക്കാർ അറിയിച്ചു. കപ്പൽ നിർമ്മാണശാലയ്ക്കായി ടാറ്റ 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി ടാറ്റ ഗ്രൂപ്പ് പ്രതിനിധി രംഗത്തെത്തിയിരുന്നു. കേരളത്തിൽ അത്തരമൊരു നിക്ഷേപ പദ്ധതി നിലവിലില്ലെന്നും മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നുമായിരുന്നു ടാറ്റയുടെ പ്രതികരണം. ഇതേത്തുടർന്നാണ് സർക്കാർ ഔദ്യോഗിക വിശദീകരണം നൽകിയത്.