ടി പി ചന്ദ്രശേഖരൻ വധക്കേസ് പുനരന്വേഷണം ആവശ്യപ്പെട്ടിട്ടില്ല; പ്രചാരണം വാസ്തവവിരുദ്ധമെന്ന് കെ കെ രമ

 

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ കെ രമ എംഎൽഎ വ്യക്തമാക്കി. താൻ ആഭ്യന്തരമന്ത്രിയെ സമീപിച്ചുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ പൂർണമായും വാസ്തവവിരുദ്ധമാണെന്ന് അവർ പറഞ്ഞു.കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും ഇത്തരമൊരു നീക്കമോ ആലോചനയോ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും കെ കെ രമ വിശദീകരിച്ചു. താൻ പറഞ്ഞു എന്ന പേരിൽ മാധ്യമങ്ങളിൽ വന്ന വാർത്ത എങ്ങനെ പ്രചരിച്ചുവെന്നത് സംബന്ധിച്ച് ബന്ധപ്പെട്ട ചാനലിന്റെ പ്രതിനിധിയുമായി നേരിട്ട് സംസാരിച്ചുവെന്നും അവർ അറിയിച്ചു.പാർട്ടിയിൽ ഇത്തരമൊരു ചർച്ച പോലും നടന്നിട്ടില്ലെന്നും കെ കെ രമ പറഞ്ഞു.
കേസ് അന്വേഷണത്തിൽ തനിക്ക് പൂർണ തൃപ്തിയുണ്ടെന്ന തരത്തിലുള്ള പരാമർശങ്ങൾ താൻ ഇതുവരെ നടത്തിയിട്ടില്ലെന്നും, എന്നാൽ അത്തരമൊരു അഭിപ്രായപ്രകടനം നടത്താനുള്ള സമയം ഇതല്ലെന്നുമാണ് തന്റെ നിലപാടെന്നും കെ കെ രമ കൂട്ടിച്ചേർത്തു.2012 മെയ് 4നാണ് ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. കേസിൽ 2024 ഫെബ്രുവരിയിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നു. 12 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.