പോലീസ് സംഘടനാ നേതാക്കൾക്ക് സ്ഥലംമാറ്റം; സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് പുറത്തേക്ക്
കേരളത്തിലെ പ്രമുഖ പോലീസ് സംഘടനയായ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികൾക്ക് കൂട്ട സ്ഥലംമാറ്റം. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയുമാണ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് അടിയന്തരമായി സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്.
സംസ്ഥാന പ്രസിഡന്റായ ആർ. പ്രശാന്തിനെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായി (SHO) നിയമിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായ സി.ആർ. ബിജുവിനെ കൊച്ചി സിറ്റിയിലേക്കാണ് മാറ്റി നിയമിച്ചിരിക്കുന്നത്. ഇരുവരും ദീർഘകാലമായി തലസ്ഥാനത്തെ സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തായിരുന്നു ജോലി ചെയ്തിരുന്നത്.
സംഘടനാ രംഗത്ത് ഏറെ നിർണ്ണായക സ്വാധീനമുള്ള ആർ. പ്രശാന്തിന് കഴിഞ്ഞ 15 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ലോ ആൻഡ് ഓർഡർ പോലീസ് സ്റ്റേഷനിലേക്ക് നിയമനം ലഭിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി സ്പെഷ്യൽ ബ്രാഞ്ച്, വിജിലൻസ് തുടങ്ങിയ പ്രമുഖ വിങ്ങുകളിലായിരുന്നു ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്. പോലീസ് സേനയ്ക്കുള്ളിലെ ആഭ്യന്തര ക്രമീകരണങ്ങളുടെയും പുതിയ പോലീസ് നയങ്ങളുടെയും ഭാഗമായാണ് ഈ അപ്രതീക്ഷിത സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം.