18 കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം പൂജപ്പുരയിൽ ഫുട്‌ബോൾ കളിയുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ 18കാരനെ കുത്തിക്കൊലപ്പെടുത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂജപ്പുര സ്വദേശി അലനാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകിട്ട് ഒത്തുതീർപ്പ് സംഭാഷണത്തിനായാണ് രാജാജി നഗറിലെയും പൂജപ്പുര നഗറിലെയും സംഘം തൈക്കാട് ശാസ്താംകോവിലിന് സമീപമെത്തിയത്. സംസാരിക്കുന്നതിനിടെ പൂജപ്പുരയിൽ നിന്നുള്ള ആളുകൾ രാജാജി നഗറിലുള്ള കുട്ടികളെ തടഞ്ഞു. സ്ഥലത്ത് നിന്ന് മാറിപ്പോകാൻ അലൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ഹെൽമറ്റ് ഉപയോഗിച്ച് അലന്റെ തലയ്ക്കടിച്ചുവീഴ്ത്തി നെഞ്ചിന് കുത്തുകയായിരുന്നു.
കുത്തേറ്റ് വീണ അലനെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. അക്രമിസംഘത്തിൽ ഉണ്ടായിരുന്ന രണ്ട് പേരെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ഒരാൾ കാപ്പ കേസ് പ്രതിയാണ്. അലനെ കുത്തിവീഴ്ത്തിയ ആൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. അഞ്ച് പേർ ചേർന്ന് കുത്തിയെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.