കൊല്ലം സായി ഹോസ്റ്റലിൽ രണ്ട് വിദ്യാർത്ഥിനികൾ മരിച്ച നിലയിൽ
കൊല്ലത്തെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) ഹോസ്റ്റലിൽ രണ്ട് വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് ടു, എസ്എസ്എൽസി ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികളാണ് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്നുള്ള ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ പരിശീലനത്തിന് പോകാനായി സഹപാഠികൾ വിളിച്ചപ്പോഴാണ് ദാരുണമായ വിവരം പുറത്തറിയുന്നത്.
വാതിൽ തുറക്കാത്തതിനെത്തുടർന്ന് സഹപാഠികൾ തള്ളിത്തുറന്നപ്പോൾ രണ്ട് ഫാനുകളിലായി വിദ്യാർത്ഥിനികളെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മരിച്ചവരിൽ ഒരാൾ തിരുവനന്തപുരം സ്വദേശിയും മറ്റൊരാൾ കോഴിക്കോട് സ്വദേശിയുമാണ്. വിവരമറിഞ്ഞ് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാൽ മരണകാരണം സംബന്ധിച്ച് ദുരൂഹത നിലനിൽക്കുന്നുണ്ട്.
ഇന്ന് പുലർച്ചെ രണ്ട് മണി വരെ ഇവരെ മറ്റ് സഹപാഠികൾ കണ്ടിരുന്നതായാണ് വിവരം. ആ സമയത്തൊന്നും അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് ഹോസ്റ്റൽ അധികൃതർ പറയുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും കായിക വകുപ്പ് പ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.