മൂവാറ്റുപുഴ എംഡിഎംഎ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

 

മൂവാറ്റുപുഴയിൽ എംഡിഎംഎ പിടികൂടിയ കേസിൽ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശികളായ ഏഞ്ചൽ ഏലിയാസ് (30), ജെയ്സൺ ഫ്രാൻസിസ് (42) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 21ന് മൂവാറ്റുപുഴ റാക്കാട് ഭാഗത്തുനിന്ന് 32 ഗ്രാം എംഡിഎംഎയുമായി മിനിമോൾ, ബഷീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് രണ്ടുപേരെക്കൂടി പിടികൂടിയത്.

ഏഞ്ചൽ ലഹരിമരുന്ന്, കവർച്ച തുടങ്ങി നിരവധി കേസുകളിലും ജെയ്സൺ പോക്‌സോ, കവർച്ച, അടിപിടി കേസുകളിലും പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.