തലസ്ഥാനത്ത് ലഹരി കച്ചവടം നടത്തിയ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ

 
തലസ്ഥാനത്ത് ലഹരിക്കച്ചവടം നടത്തിയ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം റൂറൽ കൺട്രോൾ റൂമിലെ സിപിഒമാരായ അഭിൻജിത്ത്, രാഹുൽ എന്നിവർക്കെതിരെയാണ് നടപടി.നാർക്കോട്ടിക് ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സസ്‌പെൻഷൻ ഉത്തരവിന്റെ പകർപ്പ് പുറത്ത് വന്നു.നാർക്കോട്ടിക് സെൽ നടത്തിയ പരിശോധനയിലാണ് ഇരുവരും ലഹരിക്കച്ചവടം നടത്തുവെന്ന് കണ്ടെത്തിയത്. പൊലീസുകാർ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് വീഴ്ചയാണെന്നും നാർക്കോട്ടിക് ഡിവൈഎസ്പിയുടെ റിപ്പോർട്ടിലുണ്ട്. അച്ചടക്ക ലംഘനം, പെരുമാറ്റദൂഷ്യം, പൊലീസ് സേനയക്ക് അവമതിപ്പ് വരുത്തി തുടങ്ങിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യ തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ഇരുവരെയും സസ്‌പെൻഡ് ചെയ്യാൻ തീരുമാനമായത്.