മോബിസും സാജനും മരിച്ചത് പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവെ; ക്രിസ്മസ് ദിനത്തിൽ നോവായി സുഹൃത്തുക്കളുടെ മരണം

 

ക്രിസ്മസ് ദിനത്തില്‍  കുടുംബങ്ങള്‍ക്കൊപ്പം തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു മോബീസും സാജനും. ഇവരുടെ അപകട മരണം കുടുംബത്തെയും നാടിനെയും ദുഃഖത്തിലേക്ക് തള്ളിവട്ടു. തൊടുപുഴ തൊമ്മന്‍കുത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ തൊമ്മൻകുത്ത് വാഴക്കാല ഒറ്റപ്ലാക്കൽ മോബിസ് ഐസക് (17), ചീങ്കൽസിറ്റി താന്നിവിള ബ്ലസൺ സാജൻ (25) എന്നിവരുടെ വേർപാടാണ് നാടിനാകെ നൊമ്പരമായത്.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് ഇവര്‍ പള്ളിയുടെ സമീപത്തെ കടവില്‍ കുളിക്കാനിറങ്ങിയത്. ഒരു പെണ്‍കുട്ടിയും രണ്ടുപേരുമാണ് പുഴയിലിറങ്ങിയതെന്നാണ് നാട്ടുകാര്‍ പറഞ്ഞു. മൂവരും കയത്തില്‍ അകപ്പെട്ടെന്നാണ് വിവരം. ആദ്യം പെൺകുട്ടിയാണ് അപകടത്തിൽപ്പെട്ടത്. ഇവരെ രക്ഷിക്കാനിറങ്ങിയ മോബിസും സാജനും അപകടത്തിൽപ്പെട്ടു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. ഏറെനേരത്തെ തിരച്ചിലിന് ശേഷമാണ് മോസിസ് ഐസക്കിനെയും ബ്ലസന്‍ സാജനെയും കരയ്‌ക്കെത്തിക്കാനായത്. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടുപേരുടെയും മൃതദേഹം  വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.