കോഴിക്കോട് വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം
Aug 2, 2026, 11:09 IST
കോഴിക്കോട് കാപ്പാട് രണ്ടു വയസ്സുകാരൻ വീട്ടുപറമ്പിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു. കാപ്പാട് കണ്ണംകടവ് സ്വദേശി നൗഷാദിന്റെ മകൻ മാസിനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം. കനത്ത മഴയിൽ റോഡിൽ നിന്നൊഴുകിയെത്തിയ വെള്ളം വീടിന്റെ മുറ്റത്തെ കുഴിയിൽ കെട്ടിക്കിടന്നിരുന്നു. ഇതിലേക്ക് കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു.
സംഭവസമയത്ത് വീട്ടുകാർ അകത്തായിരുന്നതിനാൽ അപകടം പെട്ടെന്ന് ശ്രദ്ധയിൽപെട്ടില്ല. പിന്നീട് വെള്ളത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.