പോഷകാഹാരക്കുറവ് മൂലം രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
ആലപ്പുഴ കാർത്തികപ്പള്ളിയിൽ രണ്ടുവയസ്സുകാരൻ പോഷകാഹാരക്കുറവും രക്തക്കുറവും മൂലം മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ മെഡിക്കൽ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ എന്നിവരോട് കമ്മീഷൻ വിശദീകരണം തേടി.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു പിതാവിന്റെ മൊഴി. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിക്ക് പോഷകാഹാരക്കുറവും രക്തക്കുറവും ഉണ്ടായിരുന്നതായി കണ്ടെത്തി. പ്രായത്തിനനുസരിച്ച് ഏകദേശം 12 കിലോഗ്രാം തൂക്കം വേണ്ട കുട്ടിക്ക് ഏഴ് കിലോഗ്രാം മാത്രമായിരുന്നു ഭാരമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കുട്ടികൾ താമസിച്ചിരുന്ന വീടിന്റെ ശോചനീയാവസ്ഥയും കുടുംബത്തിന്റെ ജീവിതസാഹചര്യങ്ങളും നേരത്തേ ആശങ്കയുയർത്തിയിരുന്നു. രാജേഷ്-താര ദമ്പതികൾക്ക് ഏഴ് മക്കളാണുള്ളത്. കുടുംബത്തിലെ മറ്റൊരു കുട്ടിയും ഒരു വർഷം മുൻപ് മരിച്ചതായാണ് വിവരം.
കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാൻ ജനപ്രതിനിധികൾ ഇടപെട്ടിരുന്നതായും കുടുംബത്തെ ഗാന്ധിഭവനിലേക്ക് മാറ്റാൻ ശ്രമം നടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, കുടുംബം ഇതിനോട് സഹകരിച്ചില്ലെന്നാണ് ജനപ്രതിനിധികളുടെ വിശദീകരണം. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങൾ സ്വീകരിക്കാനും കുടുംബം തയ്യാറായില്ലെന്ന് ഇവർ ആരോപിക്കുന്നു.
സംഭവത്തിൽ പൊലീസ് നേരത്തേ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ബാലാവകാശ കമ്മീഷന്റെ ഇടപെടലോടെ കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, കുടുംബത്തിലെ മറ്റ് കുട്ടികളുടെ സുരക്ഷ, അവർക്ക് ആവശ്യമായ ഭക്ഷണവും പരിചരണവും ലഭിക്കുന്നുണ്ടോയെന്നത് എന്നിവയിലും പരിശോധനയും വിശദീകരണവും നിർണായകമാകും.