യു. രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറി; പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ പ്രഖ്യാപിച്ചു
മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ യു. രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചു. കേരളത്തിന്റെ ചീഫ് ഇലക്ടറൽ ഓഫീസറായി (CEO) സേവനമനുഷ്ഠിച്ചുവരവെയാണ് അദ്ദേഹത്തെ ഈ നിർണ്ണായക പദവിയിലേക്ക് നിയോഗിക്കുന്നത്. മഹാരാഷ്ട്ര സ്വദേശിയായ ഇദ്ദേഹം 2003 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്. നേരത്തെ സംസ്ഥാന സർക്കാരിൽ വിവിധ പ്രധാന വകുപ്പുകളുടെ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി ഇദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും.
ഇതോടൊപ്പം മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലെ മറ്റ് പ്രമുഖ നിയമനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ടയേർഡ് അഡീഷണൽ സെക്രട്ടറി ശ്രീകുമാർ ടി.യെ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. സീജി കടയ്ക്കൽ (സിജി ജി.എസ്.) പ്രസ് സെക്രട്ടറിയായും, റോയ് മാത്യു മീഡിയ സെക്രട്ടറിയായും ഈ സംഘത്തിലുണ്ടാകും.
തിലകൻ കെ.പി.കെ, മോഹനചന്ദ്രൻ എം.എസ്. എന്നിവരെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായും നിയമിച്ചിട്ടുണ്ട്. പദ്മകുമാർ എം, അബിമോൻ പി.എ, മനോജ്കുമാർ പി.എൻ, ജാഫർഖാൻ എസ്, ജയചന്ദ്രൻ എ, പ്രകാശ് ഒ.ടി. എന്നിവരാണ് അസിസ്റ്റന്റ് സെക്രട്ടറിമാർ. ആകെ 20 പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാവുക.