സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ട; എംഎൽഎമാർക്കുള്ള സൗജന്യ ഓണക്കിറ്റ് യുഡിഎഫ് സ്വീകരിക്കില്ല

 

എംഎൽഎമാർക്കും എംപിമാർക്കുമുള്ള സപ്ലൈകോയുടെ സൗജന്യ ഓണക്കിറ്റ് യുഡിഎഫ് ജനപ്രതിനിധികൾ സ്വീകരിക്കില്ല. സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു മാത്രമാണ് ഈ വർഷം ഓണക്കിറ്റ് നല്‍കുന്നതെന്നും, അതുതന്നെ പൂര്‍ണതോതില്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരളത്തിൽ റേഷൻ കടകൾ വഴി നൽകുന്ന ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. റേഷൻ കടകൾ ഇന്ന് രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കും. വിതരണം ചെയ്യാനുള്ള മുഴുവന്‍ കിറ്റുകളും റേഷൻ കടകളിൽ എത്തിച്ചിട്ടുണ്ടെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

ഇന്നലെ രാത്രി വരെയുള്ള കണക്കനുസരിച്ച് 2,59, 944 കിറ്റുകളാണ് വിതരണം ചെയ്തത്. ഇനി 3, 27,737 കാര്‍ഡ് ഉടമകള്‍ക്ക് കൂടി കിറ്റ് നൽകാനുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു.