പാലക്കാട് നഗരസഭയിൽ വന്ദേമാതരം ബഹിഷ്‌കരിച്ച് യുഡിഎഫ് കൗൺസിലർമാർ
പാലക്കാട് നഗരസഭയിൽ വന്ദേമാതരം ആലപിക്കുന്നത് ബഹിഷ്‌കരിച്ച് യുഡിഎഫ് കൗൺസിലർമാർ. ഇന്ന് ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ ഒപ്പുവെച്ചതിന് പിന്നാലെ യുഡിഎഫ് കൗൺസിലർമാർ പുറത്തേക്ക് പോകുകയായിരുന്നു. വന്ദേമാതരം ആലാപനത്തിൽ ഇവർ പങ്കെടുത്തില്ല.
എൽഡിഎഫ് കൗൺസിലർമാർ വന്ദേമാതരത്തിന്റെ ആദ്യചരണം ആലപിച്ച ശേഷം സീറ്റുകളിലിരിക്കുകയായിരുന്നു. അതേസമയം ബിജെപി കൗൺസിലർമാർ നഗരസഭയിൽ വന്ദേമാതരം പൂർണമായും ആലപിച്ചു.
പാലക്കാട് നഗരസഭയിലെ എല്ലാ കൗൺസിൽ യോഗങ്ങളിലും വന്ദേമാതരത്തിന്റെ ആദ്യഭാഗം ആലപിക്കാറുണ്ട്. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങിൽ ഇന്നലെ വന്ദേമാതരം പൂർണമായും ആലപിച്ചത് വിവാദമായതിന് പിന്നാലെയാണ് നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാരുടെ ബഹിഷ്‌കരണം.
വന്ദേമാതരം പൂർണമായി ആലപിച്ചതിനെച്ചൊല്ലി സർക്കാരിനെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനം ഉയരുന്നുണ്ട്. സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് വിധേയപ്പെട്ടുവെന്നാണ് ഡിവൈഎഫ്‌ഐ അടക്കമുള്ള പ്രതിപക്ഷ യുവജന സംഘടനകളുടെ ആരോപണം.
എന്നാൽ ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങായതിനാലാണ് പ്രോട്ടോക്കോളിന്റെ ഭാഗമായി വന്ദേമാതരം പൂർണമായും ആലപിച്ചതെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥിന്റെ വിശദീകരണം.