ബി.ജെ.പി എല്ലാ നിലയിലും സര്‍ക്കാരിനെ ആക്രമിച്ചു; യു.ഡി.എഫ് പിന്തുണച്ചില്ലെന്ന് മുഹമ്മദ് റിയാസ്
ബി.ജെ.പിയും യു.ഡി.എഫും ഒരമ്മ പെറ്റ മക്കളെ പോലെയാണ് സര്‍ക്കാരിനെതിരേ പ്രചരണങ്ങള്‍ നടത്തിയതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ കേരളത്തിലെ സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ മനസിലാക്കിയതായി തിരഞ്ഞെടുപ്പിന്റെ പ്രചരണ ഘട്ടങ്ങളില്‍ തങ്ങള്‍ തിരിച്ചറിഞ്ഞതായി മന്ത്രി പ്രതികരിച്ചു.
സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി പ്രയാസപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് എതിരേ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫ് നേതാക്കളോ പ്രതിപക്ഷമോ തയ്യാറായില്ലെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. ഉറക്കത്തില്‍ പോലും ബി.ജെ.പി നേതാക്കള്‍ക്ക് എതിരേ പറയാതിരിക്കാന്‍ ഒരു പ്രത്യേക തരം ഗുളികയാണ് കോണ്‍ഗ്രസ് നേതാക്കള്‍ കഴിക്കുന്നതെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. ബി.ജെ.പി എല്ലാ നിലയിലും തങ്ങളെ ആക്രമിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഈ ഘട്ടത്തിലൊക്കെ തന്നെ 60 ലക്ഷത്തോളം പേര്‍ക്ക് പെന്‍ഷന്‍ നല്‍കി. പെന്‍ഷന്‍ മുടക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളെയും ചെറുത്തുതോല്‍പ്പിച്ച് ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയതായും അദ്ദേഹം വിശദീകരിച്ചു.