പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിനെതിരെ ഉപവാസസമരവുമായി യുഡിഎഫ്
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിനെതിരെ ഉപവാസസമരവുമായി യുഡിഎഫ്. യുഡിഎഫ് എംപിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ ആണ് ഉപവാസസമരം. തിരുവോണ ദിനത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണു സമരം. കെപിസിസി പ്രസിഡന്റ് മന്ത്രി സണ്ണി ജോസഫ് സമരം ഉദ്ഘാടനം ചെയ്തു.
പാർലമെന്റ് സമ്മേളനത്തിനു പിന്നാലെ ഇരുട്ടിൻ്റെ മറവിലാണ് ഈ കൊടുംചതി കേരളത്തിലെ ജനങ്ങളോട് കേന്ദ്രസർക്കാർ ചെയ്തതെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഇതിനു യാതൊരു ന്യായീകരണവുമില്ല. സംസ്ഥാന സർക്കാരും ഇവിടുത്തെ ജനപ്രതിനിധികളും അറിയാതെ, രാത്രിയിൽ ഒരു കള്ളനെപോലെയാണ് റെയിൽവേ മന്ത്രാലയം ഇതു ചെയ്തതെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേന്ദ്രസർക്കാർ കേരളത്തോടു തുടർച്ചയായി അവഗണന കാണിക്കുകയാണെന്നും അടിയന്തര സ്വഭാവമുള്ള കാര്യമല്ലാതിരുന്നിട്ടുകൂടി കേരള സർക്കാരോ ജനപ്രതിനിധികളോ അറിയാതെയാണ് അർധരാത്രി ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു. കേന്ദ്രസർക്കാർ തീരുമാനം കർണാടക ബിജെപിയെ സഹായിക്കാനാണെന്നും ഡിവിഷൻ വിഭജനം കേരളത്തിന്റെ റെയിൽവേ വികസനത്തിനു കടുത്ത നഷ്ടമുണ്ടാക്കുമെന്നും യുഡിഎഫ് എംപിമാർ വിമർശനമുന്നയിച്ചിരുന്നു.