നൂറാം ദിനത്തിലേക്ക് യുഡിഎഫ് സർക്കാർ; നേട്ടങ്ങളും വിവാദങ്ങളും ചർച്ചയിൽ

 

മെയ് 18ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യുഡിഎഫ് സർക്കാർ ഇന്ന് നൂറാം ദിനത്തിലേക്ക്. ജനപ്രിയ പ്രഖ്യാപനങ്ങൾ നടപ്പാക്കിയതും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വേഗം നൽകിയതുമാണ് ആദ്യ നൂറ് ദിവസത്തെ പ്രധാന നേട്ടങ്ങളായി സർക്കാർ ഉയർത്തിക്കാട്ടുന്നത്.

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതി, ഓപ്പറേഷൻ തൂഫാൻ, വിഴിഞ്ഞം വികസനം, വിവിധ ക്ഷേമപ്രവർത്തനങ്ങൾ എന്നിവ സർക്കാരിന് നേട്ടമായി. എന്നാൽ അധികാരമേറ്റ ആദ്യ നാളുകളിൽ തന്നെ നിരവധി വിവാദങ്ങളും സർക്കാരിനെ പിന്തുടർന്നു.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ, സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചത്, പി.എം. ശ്രീ പദ്ധതിയിലെ നിലപാട്, പ്രളയസമയത്തെ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര, പൊന്നാനിയിലെ വിരുന്ന് എന്നിവ വിവാദങ്ങൾക്ക് വഴിവച്ചു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം, പ്ലീഡർ നിയമനം, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കം, എൻ. ശേഷാദ്രിനാഥനെ കമ്മീഷണറായി നിയമിച്ചത് എന്നിവയും സർക്കാരിനെ പ്രതിരോധത്തിലാക്കി.

വിഴിഞ്ഞം പദ്ധതിയിലെ ഓഹരി കൈമാറ്റവും വിഴിഞ്ഞത്ത് ടാറ്റാ ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പരാമർശവും വിവാദമായി. പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട ഗതാഗത മന്ത്രി സി.പി. ജോണിന്റെ പ്രസ്താവനയും സർക്കാരിനെ വെട്ടിലാക്കി.