തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫിന്റെ അവിശ്വാസ നീക്കം
സത്യപ്രതിജ്ഞാ വിവാദവും ഭരണതർക്കങ്ങളും തുടരുന്ന തിരുവനന്തപുരം കോർപറേഷനിൽ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ് നീക്കം തുടങ്ങി. ഭരണസ്തംഭനം ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇക്കാര്യം ഇന്ന് വൈകിട്ട് ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനിക്കും.കൗൺസിൽ യോഗം പോലും വിളിക്കാൻ ബിജെപി നേതൃത്വം നൽകുന്ന ഭരണസമിതി തയ്യാറാകുന്നില്ലെന്നും ഭരണപരമായ കാര്യങ്ങൾ നിലച്ചിരിക്കുകയാണെന്നും യുഡിഎഫ് ആരോപിച്ചു.
101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് 50 സീറ്റുകളാണുള്ളത്. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ് ബിജെപി ഭരണത്തിൽ തുടരുന്നത്. യുഡിഎഫിന് 20 സീറ്റും എൽഡിഎഫിന് 29 സീറ്റുമാണുള്ളത്. കൂടാതെ യുഡിഎഫ് വിമതനായി വിജയിച്ച ഒരു സ്വതന്ത്ര അംഗവുമുണ്ട്.ജൂൺ 29-നാണ് അടുത്ത കൗൺസിൽ യോഗം. അതേസമയം, ബിജെപി കൗൺസിലർ ആർ. സുഗതൻ കാപ്പ കേസുമായി ബന്ധപ്പെട്ട് ജയിലിലായതിനാൽ യോഗത്തിൽ പങ്കെടുക്കാനിടയില്ല. സുഗതൻ അയോഗ്യനായാൽ ബിജെപി അംഗങ്ങൾ 49 ആയി കുറയും. സ്വതന്ത്രൻ പിന്തുണ പിൻവലിച്ചാൽ ഭൂരിപക്ഷവും ഇല്ലാതാകും. ഈ സാഹചര്യത്തിൽ യുഡിഎഫ്, എൽഡിഎഫ്, യുഡിഎഫ് വിമത സ്വതന്ത്രൻ എന്നിവർ ഒരുമിച്ചാൽ ഭരണപക്ഷത്തിനെതിരെ 50 വോട്ടുകൾ സമാഹരിക്കാനാകും.